ഒരാളുടെ കൂടെ ജീവിക്കുമ്പോള്‍ തന്നെ വേറൊരാളെ ഇഷ്ടമാവാം! മൈത്രേയന്റെ വാക്കുകള്‍ ശരിവെച്ച് ഗോപി സുന്ദര്‍, വിമര്‍ശനം

അമൃത സുരേഷുമായുള്ള സംഗീത സംവിധായകന്‍ ഗോപിസുന്ദറിന്റെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. വര്‍ഷങ്ങളായി അഭയ ഹിരണ്‍മയിയുമായി ലിവിങ് റ്റുഗദര്‍ ജീവിതം നയിച്ചതിന് ശേഷം അടുത്തിടെയായിരുന്നു ഇരുവരും പിരിഞ്ഞത്. അതിന് ശേഷമായാണ് ഗോപി സുന്ദറിന്റെ ജീവിതത്തിലേക്ക് അമൃത സുരേഷ് എത്തിയത്.

ഇപ്പോഴിതാ പ്രണയത്തെക്കുറിച്ച് മൈത്രേയന്റെ അഭിപ്രായം പങ്കിട്ടെത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍.പങ്കാളിയെ മറ്റൊരാള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ എന്ത് ചെയ്യണമെന്ന വിഷയത്തെക്കുറിച്ചായിരുന്നു മൈത്രേയന്‍ സംസാരിച്ചത്. വളരെ ശരിയായ കാര്യമെന്ന ക്യാപ്ഷനോടെയായാണ് ഗോപി സുന്ദര്‍ ഈ വീഡിയോ പങ്കുവെച്ചത്.

ഇതിന് പിന്നാലെ നിരവധി പേര്‍ ഗോപി സുന്ദറിനെതിരെ കമന്റുകളുമായെത്തി. സ്വന്തം ജീവിതാനുഭവങ്ങള്‍ ഓര്‍ത്താണോ ഇത് അനുകൂലിക്കുന്നത്, ഇതൊക്കെ കേള്‍ക്കുമ്പോള്‍ സമാധാനം തോന്നുന്നുണ്ടാവും അല്ലേയെന്നൊക്കെയായിരുന്നു ഗോപി സുന്ദറിനോട് ചിലര്‍ ചോദിച്ചത്.

മൈത്രേയന്റെ വാക്കുകള്‍

ജീവിതമെന്നത് ഒരാളോട് കൂടി മാത്രം ജീവിക്കുന്നതല്ല. അതൊക്കെ പ്രണയത്തെ റൊമാന്റിസൈസ് ചെയ്ത് പറയുന്നതാണ്. നമുക്കൊരാളെ ഇഷ്ടമായിരിക്കുമ്പോള്‍ തന്നെ വേറൊരാളെ ഇഷ്ടമാവാം, അതിനുള്ള സാധ്യത വളരെ കൂടുതലാണ്. എത്ര തരത്തിലുള്ള കറികള്‍ കൂട്ടിയാണ് നമ്മള്‍ ഭക്ഷണം കഴിക്കുന്നത് ഒരേ ഷര്‍ട്ടാണോ നമ്മളെപ്പോഴും ഇടുന്നത്.

ഒരേ സമയത്ത് തന്നെ നമുക്ക് പലതിനേയും ഇഷ്ടപ്പെടാനാവും. ഒരാള്‍ക്ക് നാലഞ്ച് കൂട്ടുകാരെങ്കിലും ആവശ്യമാണ്. ഇണയായി ഒരാളേയുണ്ടാവുള്ളു. കൂട്ടുകാരെപ്പോഴും ആവശ്യമാണ്.

എന്റെ ഇണ എന്നെ ഉപേക്ഷിച്ച് പോവാത്ത യോഗ്യതയില്‍ ഇരിക്കേണ്ടത് ഞാനാണ്. അവര്‍ വേരൊരാളുടെ കൂടെ യാത്ര ചെയ്യുന്നതോ സിനിമ കാണാന്‍ പോവുന്നതോ പ്രശ്നമാക്കരുത്. നമ്മളെ കവച്ച് വെക്കാന്‍ കഴിവുള്ളവരല്ല ഇവരാരും. നമ്മുടെ കൂടെയുള്ളൊരാളിനെ മറ്റൊരാള്‍ ഇഷ്ടത്തോടെ നോക്കുമ്പോള്‍ അസൂയ തോന്നും. നമ്മുടെ പങ്കാളി നഷ്ടപ്പെട്ട് പോവാതിരിക്കാനുള്ള വികാരമാണ് അസൂയ.