ഇന്ദ്രന്‍സ് പ്രധാനവേഷത്തിലെത്തിയ ‘ഹോമിനെ പ്രശംസിച്ച് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. തനിക്കു ലഭിച്ച വാട്ട്‌സ്ആപ്പ് സന്ദേശംത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ചിത്രത്തിന്റെ സംവിധായകനായ റോജിന്‍ തോമസ് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. മഞ്ജു വാര്യറില്‍ നിന്നാണ് റോജിന്റെ നമ്പര്‍ വാങ്ങിയതെന്ന് ഗൗതം മേനോന്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. ‘സിനിമ ഏറെ ഇഷ്ടപ്പെട്ടു.
ചിത്രത്തിന്റെ ആശയവും അതിന്റെ എഴുത്തും എക്‌സിക്യൂഷനും വളരെ നന്നായിട്ടുണ്ട്. അനേകമാളുകള്‍ ഇതിനോടകം ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം. എന്നാലും പറയുന്നു, വളരെ നല്ല വര്‍ക്കാണ് ഇത്,’ ഗൗതം മോനോന്റെ സന്ദേശത്തില്‍ പറയുന്നു.
താരനിര്‍ണയമാണ് ചിത്രത്തിന് ഇത്രയും വ്യത്യാസം ഉണ്ടാക്കിയത്. അഭിനേതാക്കളെല്ലാം വളരെ നന്നായിരുന്നു. അടുത്ത ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നുവെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും പറഞ്ഞാണ് ഗൗതം മേനോന്റെ സന്ദേശം അവസാനിക്കുന്നത്.
സീനിയേഴ്‌സിന്റെ പ്രശംസകള്‍ കിട്ടുന്നത് സന്തോഷമാണെന്നും എന്നാല്‍ അതൊരു സൂപ്പര്‍ സീനിയറില്‍ നിന്നാകുമ്പോള്‍ സന്തോഷം ഇരട്ടിയാകുമെന്നുമാണ് സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് റോജിന്‍ കുറിച്ചത്. അഭിനന്ദനങ്ങള്‍ക്കും പ്രചോദനങ്ങള്‍ക്കും റോജിന്‍ നന്ദിയറിയിക്കുകയും ചെയ്തു. നടന്‍ സിദ്ധാര്‍ഥും ഹോമിനെ പ്രശംസിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ഓണം റിലീസായി ആഗസ്റ്റ് 19ന് ആമസോണ്‍ പ്രൈമിലൂടെയാണ് ഹോം പ്രേക്ഷകരിലെത്തിയത്.
Read more
ഇന്ദ്രന്‍സ് ഒലിവര്‍ ട്വിസ്റ്റായി എത്തിയ ചിത്രത്തില്‍ ശ്രീനാഥ് ഭാസിക്ക് പുറമെ മഞ്ജു പിള്ള, നസ്‌ലെന്‍ കെ ഗഫൂര്‍, കൈനകരി തങ്കരാജ്, ജോണി ആന്റണി തുടങ്ങിയവര്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ജയസൂര്യ നായകനാവുന്ന ‘കത്തനാര്‍’ ആണ് റോജിന്‍ തോമസിന്റേതായി അണിയറയിലൊരുങ്ങുന്ന ചിത്രം.