ഷെയ്ന്‍ നിഗത്തിന്റെ സെറ്റില്‍ ഗുണ്ടാ ആക്രമണം; ലോഹവള കൊണ്ട് ഇടിച്ചു, കുത്തി പരിക്കേല്‍പ്പിച്ചു

ഷെയ്ന്‍ നിഗം നായനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഗുണ്ടാ ആക്രമണം. ലൊക്കേഷനില്‍ എത്തി ഒരു സംഘം ആളുകള്‍ പ്രൊഡക്ഷന്‍ മാനേജരെ ക്രൂരമായി മര്‍ദ്ദിച്ചു. പ്രൊഡക്ഷന്‍ മാനേജര്‍ ടി.ടി ജിബുവിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അഞ്ചംഗ സംഘം മലാപ്പറമ്പിന് സമീപം ആക്രമണം നടത്തിയത്.

അബു ഹംദാന്‍, ഷബീര്‍ എന്നിവരും മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ ജിബു പറയുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ജിബുവിനെ വലിച്ചു കൊണ്ടുപോകുകയായിരുന്നു. റോഡരികില്‍ വച്ചാണ് മര്‍ദ്ദിച്ചത്. ലോഹവള കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി കൈയ്ക്ക് പരുക്കേല്‍പ്പിക്കുകയും ചെയ്തു.

പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. സിനിമയുടെ ആവശ്യത്തിനായി ബൈക്ക് വാടകയ്ക്ക് എടുത്തിരുന്നു. വാടകയായി വന്‍ തുകയാണ് ചോദിച്ചത്. ഇത്രയും വലിയ തുക നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു.

ഇതോടെയാണ് അബു ഹംദാന്റെ നേതൃത്വത്തിലെത്തിയ സംഘം മര്‍ദിച്ചതെന്ന് ജിബു പറഞ്ഞു. ഷെയ്ന്‍ നിഗത്തിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ‘ഹാല്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വെള്ളിമാട് കുന്നില്‍ വെളിച്ചെണ്ണ മില്ലിന് സമീപമാണ് നടക്കുന്നത്.

Read more