രഞ്ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ല; ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കാനുള്ള ഹര്‍ജി തള്ളി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ സംവിധായകന്‍ രഞ്ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.

വിഷയത്തില്‍ ഇന്ന് വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് ജസ്റ്റിസ് ബസന്ത് ബാലാജി നിര്‍ദേശിച്ചിരുന്നു. കോടതി നിര്‍ദേശ പ്രകാരം സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ ഹര്‍ജിക്കാരന്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഇതോടൈാപ്പം വിവാദത്തില്‍ പ്രതികരിക്കുകയും തെളിവുകള്‍ പുറത്തുവിടുകയും ചെയ്ത സംവിധായകന്‍ വിനയന്‍, ജൂറി അംഗം ജെന്‍സി ഗ്രിഗറി, ചീഫ് സെക്രട്ടറി എന്നിവരെ കക്ഷി ചേര്‍ക്കാനും ഹര്‍ജിക്കാരന്‍ അപേക്ഷ നല്‍കിയിരുന്നു.

തന്റെ സിനിമയ്ക്ക് പുരസ്‌കാരം കിട്ടാതിരിക്കാന്‍ രഞ്ജിത്ത് ഹീനമായ രാഷ്ട്രീയം കളിച്ചതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നായിരുന്നു സംവിധായകന്‍ വിനയന്റെ ആരോപണം. ജൂറി അംഗങ്ങളായ ജെന്‍സി ഗ്രിഗറി, നേമം പുഷ്പരാജ് എന്നിവരുടെ ഓഡിയോ പുറത്തു വന്നിരുന്നു.