ബാലതാരങ്ങള്‍ വലുതാകുന്നു, ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രിയദര്‍ശന്‍

തന്റെ ബോളിവുഡ് ചിത്രം “ഹംഗാമ 2″വിന്റെ ചിത്രീകരണം സെപ്റ്റംബറില്‍ പുനരാരംഭിക്കുമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മീസാന്‍ ജാഫ്രി, ശില്‍പ്പ ഷെട്ടി, പരേഷ് റാവല്‍, പരിണിത സുഭാഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ അഞ്ച് ബാലതാരങ്ങളും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചത്. എന്നാല്‍ 8-നും 11-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ പെട്ടെന്ന് വലുതാകുന്നത് സിനിമയുടെ തുടര്‍ച്ചയെ ബാധിക്കുമോ എന്നാണ് തന്റെ ആശങ്ക എന്ന് പ്രിയദര്‍ശന്‍ മിഡ് ഡേയോട് പറഞ്ഞു.

അതിനാല്‍ സെപ്റ്റംബര്‍ 15-ന് ഷൂട്ടിംഗ് പുനരാരംഭിക്കും. കുളു-മണാലിയില്‍ 15 ദിവസത്തെ ഷൂട്ടിംഗാണ് ഇനി ബാക്കിയുള്ളത്. ക്വാറന്റൈന്‍ അടക്കമുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച ശേഷമേ ഷൂട്ട് ആരംഭിക്കൂ എന്നും സംവിധായകന്‍ വ്യക്തമാക്കി.

ഏഴ് വര്‍ഷത്തിനു ശേഷം പ്രിയദര്‍ശന്‍ ഒരുക്കുന്ന ബോളിവുഡ് ചിത്രമാണ് “ഹംഗാമ 2”. എന്നാല്‍ ഇത് ആദ്യ ചിത്രമായ “ഹംഗാമ”യുടെ തുര്‍ക്കഥ അല്ലെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംവിധായകന്റെ മലയാളത്തിലെ ഹിറ്റ് ചിത്രമായ “പൂച്ചക്കൊരു മൂക്കുത്തി”യുടെ ഹിന്ദി റീമേക്ക് ആയിരുന്നു ഹംഗാമ.

Read more

Hungama 2 New Poster: Shilpa Shetty, Paresh Rawal, Meezaan are all ...