IPL 2025: ഇത്രയും കോടി മുടക്കി ടീം നിലനിർത്തിയത് ഈ ബാറ്റിംഗ് കാണാൻ അല്ല, മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ എന്ത് പ്രയോജനം; രാജസ്ഥാൻ താരത്തിനെതിരെ പിയൂഷ് ചൗള

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയവഴിയിലേക്ക് തിരിച്ചെത്താൻ രാജസ്ഥാൻ റോയൽസിന് വളരെയധികം പരിശ്രമിക്കേണ്ടിവരും എന്ന് കാണിക്കുന്നതായിരുന്നു സീസണിലെ അവരുടെ രണ്ടാം മത്സരം. ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ട ശേഷം, 2008 ലെ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിനെ ഇന്നലെ നടന്ന ഏകപക്ഷീയമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നേടാനായത് 151 റൺ മാത്രമായിരുന്നു.

കെകെആറിന് ആകട്ടെ ബോളർമാർ കാര്യങ്ങൾ വൃത്തിയായി ചെയ്തതിന് പിന്നാലെ ബാറ്റർമാരും അവസരത്തിനൊത്ത് ഉയർന്നപ്പോൾ ജയം എളുപ്പമായി. 17.3 ഓവറിൽ എട്ട് വിക്കറ്റുകൾ ശേഷിക്കെ ഫ്രാഞ്ചൈസി വിജയത്തിലെത്തി. വരുൺ ചക്രവർത്തിയും മോയിൻ അലിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ക്വിന്റൺ ഡി കോക്ക് 97 റൺസ് നേടി പുറത്താകാതെ നിന്നു.

യശസ്വി ജയ്‌സ്വാൾ ഇത്തവണ ആർആർ നിലനിർത്തിയ കളിക്കാരിൽ ഒരാളായിരുന്നു. എന്നാൽ ഇന്ത്യക്കായി ഈ അടുത്ത കാലത്ത് മികച്ച പ്രകടനം ധാരാളം നടത്തിയിട്ടുള്ള താരം നിരാശപെടുത്തിയത് ടീമിനെ ബാധിച്ചു. മിന്നുന്ന തുടക്കം നൽകാനും പിന്നെ ക്ലാസ് ആയി കളിക്കാനും ജയ്‌സ്വാളിന് ഈ കാലഘത്തിൽ പറ്റിയിട്ടുണ്ട് .

നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അദ്ദേഹം വമ്പൻ ഷോട്ടുകൾ അടിക്കാൻ കഷ്ടപ്പെട്ടു. 24 പന്തുകൾ നേരിട്ടിട്ടും 2 ഫോറുകളും 2 സിക്സറുകളും ഉൾപ്പെടെ 29 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. മുൻ ഇന്ത്യൻ താരം പിയൂഷ് ചൗള താരത്തിനെതിരെ ചില വാക്കുകൾ പറഞ്ഞിരിക്കുകയാണ്:

“നിങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടിവരും ജയ്‌സ്വാൾ. നിങ്ങൾ ഒരു മുതിർന്ന കളിക്കാരനാണ്. ടീം നിങ്ങളെ നിലനിർത്തി. വളരെ പേടിച്ച് കളിക്കുന്നത് പോലെ തോന്നുന്നുണ്ട്. എന്തായാലും തിരിച്ചുവരാൻ ഇനിയും സമയം ഉണ്ട്. രണ്ട് മത്സരങ്ങൾ മാത്രമാണ് കഴിഞ്ഞിരിക്കുന്നത്.” പിയൂഷ് ചൗൾ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.