'പരിക്കുപോലും വകവെച്ചില്ല, ആറുമാസംകൊണ്ട് കുറച്ചത് 15 കിലോ'; കിടിലം ട്രാൻസ്ഫർമേഷനുമായി രജിഷ വിജയൻ, കൈയ്യടിച്ച് സോഷ്യൽമീഡിയ

മലയാളികളുടെ പ്രിയ നായികയാണ് നടി രജിഷ വിജയൻ. വളരെ ചുരുക്കം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ്. നടി രജിഷ വിജയന്റെ അതിശയിപ്പിക്കുന്ന രൂപമാറ്റമാണ് ഏവരുടെയും ശ്രദ്ധ നേടിയത്. ദിവസം രജിഷയുടെ ട്രെയിനറും ആലപ്പുഴ ജിംഖാന സിനിമയ്ക്കു വേണ്ടി താരങ്ങളെ ട്രെയിൻ ചെയ്യിച്ച കോച്ചുമായ അലി ഷിഫാസ് ആണ് ഈ ട്രാൻസ്‌ഫർമേഷൻ പോസ്റ്റ് പങ്കുവച്ചത്.

ആറുമാസംകൊണ്ട് 15 കിലോയാണ് രജിഷ വിജയൻ കുറച്ചതെന്ന് പരിശീലകനായ അലി ഷിഫാസ് പറയുന്നു. രജിഷയുടെ അർപ്പണബോധത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായും അലി വ്യക്തമാക്കി. സംവിധായകൻ ഖാലിദ് റഹ്മാന്റെ നിർദേശപ്രകാരം കഴിഞ്ഞവർഷമാണ് രജിഷ അലി ഷിഫാസിനെ സമീപിച്ചത്. തന്റെയടുക്കലെത്തുമ്പോൾ രജിഷയ്ക്ക് കാലിൻ്റെ ലിഗമെന്റിൽ രണ്ട് പരിക്കുകളുണ്ടായിരുന്നുവെന്നും അലി ഷിഫാസ് പറയുന്നു.

വരാനിരിക്കുന്ന സിനിമയ്ക്കുവേണ്ടി ഈ യാത്രയിലൂടെ കടന്നുപോകാൻ രജീഷ ദൃഢനിശ്ചയമെടുത്തിരുന്നുവെന്നും അലി ഷിഫാസ് പറഞ്ഞു. 6 മാസത്തിനുള്ളിൽ, രജീഷ ആകെ 15 കിലോ കുറച്ചു. ക്രാഷ് ഡയറ്റുകളും മറ്റും നടത്തിയിരുന്ന മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, ഇത്തവണ ശരിയായ സമീകൃതാഹാരത്തിലൂടെയും പേശികളുടെ നഷ്‌ടമില്ലാതെയും കൊഴുപ്പ് കുറയ്ക്കുന്നതിലൂടെയും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ഇക്കാലയളവിൽ നിരവധി പരിക്കുകൾ പറ്റിയെങ്കിലും അവർ ഒരിക്കലും തളർന്നില്ലെന്നും അലി ഷിഫാസ് കൂട്ടിച്ചേർത്തു. അതേസമയം അലി ഷിഫാസിൻ്റെ പോസ്റ്റിന് മറുപടിയായി രജിഷ വിജയനും രംഗത്തെത്തി. നിങ്ങളില്ലായിരുന്നെങ്കിൽ ഇതൊരിക്കലും സാധ്യമാവില്ലെന്നാണ് രജിഷ പറഞ്ഞത്.