സിനിമാ പണിമുടക്ക് മാര്‍ച്ച് അവസാനമോ? ലക്ഷ്യമിടുന്നത് 'എമ്പുരാനെ'; മോഹന്‍ലാലിനും ആന്റണിക്കുമെതിരെ ഫിലിം ചേംബര്‍

മലയാള സിനിമയില്‍ സൂചനാ പണിമുടക്ക് നടത്താന്‍ ഒരുങ്ങുന്ന ഫിലിം ചേംബറിന്റെ നീക്കം ‘എമ്പുരാന്‍’ സിനിമയെ ലക്ഷ്യം വച്ചെന്ന് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകള്‍ ഫിലിം ചേംബറിന്റെ അനുമതി വാങ്ങിയ ശേഷം വേണം കരാര്‍ ഒപ്പിടാന്‍. മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ റിലീസ് ചെയ്യുന്നത്.

മാര്‍ച്ചില്‍ മറ്റ് സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ടെങ്കിലും എമ്പുരാന്റെ റിലീസ് ഡേറ്റ് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മാര്‍ച്ചില്‍ റിലീസ് ചെയ്യുന്ന വലിയ സിനിമകളില്‍ ഒന്ന് കൂടിയാണ് എമ്പുരാന്‍. സൂചനാ പണിമുടക്ക് എന്ന് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാര്‍ച്ച് അവസാനത്തോടെ ആയിരിക്കും പണിമുടക്ക് നടത്തുക എന്നാണ് വിവരങ്ങള്‍.

തിയേറ്ററുകള്‍ അടക്കം അടച്ചിട്ട് നടത്തുന്ന പണിമുടക്കില്‍ എമ്പുരാന്റെ ഷോകള്‍ മുടങ്ങാനാണ് സാധ്യത. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാറിനെതിരെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സിനിമാ സംഘടനകളില്‍ നിര്‍മ്മാതാവിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഫിലിം ചേംബറിന്റെ യോഗത്തിന് ശേഷം ആന്റണി പെരുമ്പാവൂരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. വിശദീകരണം നല്‍കാന്‍ ആന്റണി തയാറായില്ലെങ്കില്‍ തുടര്‍ നടപടികളിലേക്ക് നടക്കാനാണ് ഫിലിം ചേംബറിന്റെ തീരുമാനം.

Read more