കച്ചാ ബദാം ജഗതി ശ്രീകുമാര്‍ വേര്‍ഷന്‍; വൈറലായി വീഡിയോ

ആഗോള തലത്തില്‍ വൈറലായി മാറിയ ഗാനമാണ് കച്ചാ ബദാം. ബംഗാളി തെരുവ് കച്ചവടക്കാരനായ ഭൂപന്‍ ഭഡ്യാക്കര്‍ പാടിയ ബംഗാളി നാടോടിഗാനം ആരോ മൊബൈലില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് ലോകമാകമാനം ട്രെന്‍ഡ് തീര്‍ത്തത്. ഇപ്പോഴിതാ ഈ ഗാനത്തിന്റെ രസകരമായ ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. കച്ച ബദാമിന്റെ ജഗതി ശ്രീകുമാര്‍ വെര്‍ഷന്‍ ആണത്!

ജഗതി അഭിനയിച്ച ഒരു പഴയ ചിത്രത്തിലെ രംഗങ്ങള്‍ കച്ച ബദാം ഗാനത്തിനൊപ്പം മിക്‌സ് ചെയ്തതാണ് വീഡിയോ. ജഗതി ശ്രീകുമാറിന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തതോടെ ഈ വീഡിയോ വൈറല്‍ ആവുകയായിരുന്നു. നാലായിരത്തോളം ലൈക്കുകളും 230ല്‍ ഏറെ ഷെയറുകളുമാണ് ഈ പേജില്‍ നിന്നുമാത്രം വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

2012ല്‍ സംഭവിച്ച വാഹനാപകടത്തിനു ശേഷം സിനിമയില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. മമ്മൂട്ടി നായകനാവുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തില്‍ ജഗതി ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും എത്തിയില്ല. സിബിഐ 5 ലൊക്കേഷനില്‍ നിന്നുള്ളതെന്ന പേരില്‍ ജഗതിയുടെ ഒരു ചിത്രം കഴിഞ്ഞ വര്‍ഷാവസാനം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനു മാസങ്ങള്‍ക്കു മുന്‍പ് ജഗതി അഭിനയിച്ച ഒരു പരസ്യചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ളതായിരുന്നു പ്രസ്തുത ചിത്രം.

Read more