എഴുത്തും വായനയും അറിയാത്ത എന്നെ അവര്‍ വഞ്ചിച്ചു, ആ ഗാനം എന്നില്‍ നിന്ന് തട്ടിയെടുത്തു; കച്ചാ ബദാം വൈറല്‍ ഗായകന്‍ ഭൂപന്‍ ഭട്യാകര്‍

തന്റെ ഗാനമായ കച്ചാ ബദാമിന്റെ ക്രെഡിറ്റ് ആരോ തട്ടിയെടുത്തുവെന്ന് വൈറല്‍ ഗായകന്‍ ഭൂപന്‍ ഭട്യാകര്‍. പകര്‍പ്പവകാശ പ്രശ്‌നം ഉള്ളതിനാല്‍ തനിക്കു സ്വന്തമായി പാട്ടുകള്‍ പാടാനോ അവ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാനോ തനിക്ക് കഴിയുന്നില്ലെന്നും ഭൂപന്‍ പറയുന്നു.

അടുത്തിടെ ഒരു സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തിലാണ് തന്റെ ദുരവസ്ഥയെക്കുറിച്ചു ഭൂപന്‍ മനസ്സുതുറക്കുന്നത്. യൂട്യൂബില്‍ ഒരു ഗാനം അപ്ലോഡ് ചെയ്യുമ്പോള്‍ ‘ബദാം’ എന്ന വാക്ക് പരാമര്‍ശിച്ച് പകര്‍പ്പവകാശ പ്രശ്‌നം നേരിട്ടുവെന്നും പാട്ട് പിന്‍വലിക്കാന്‍ താന്‍ നിര്‍ബന്ധിതനായി എന്നും ഭൂപന്‍ പറയുന്നു.

തന്റെ പാട്ടിന്റെ ഈണത്തിന്റെ അവകാശം ഒരു സ്ഥാപനം തട്ടിയെടുത്തതായും എഴുത്തും വായനയും അറിയാത്ത തന്നെ സ്ഥാപന ഉടമയും മറ്റുള്ളവരും ചേര്‍ന്നു വഞ്ചിച്ചുവെന്നും ഭൂപന്‍ പറയുന്നു. ഭൂപന് അക്ഷരമറിയാത്തതിനാല്‍ കൈവിരല്‍ മഷിയില്‍ മുക്കിയാണ് ഒപ്പ് രേഖപ്പെടുത്തിയതെന്നു സ്ഥാപന മേധാവികള്‍ പറയുന്നു.

എന്നാല്‍ താന്‍ എവിടെയും ഒപ്പിട്ടിട്ടില്ലെന്നാണ് ഭൂപന്‍ പറയുന്നത്. ഒപ്പിടാന്‍ ഭുപന് മൂന്ന് ലക്ഷം രൂപ നല്‍കിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തനിക്ക് ആരും ഇതിന്റെ പേരില്‍ പണം നല്‍കിയില്ലെന്നാണ് ഭൂപന്‍ പറയുന്നത്.

Read more

ബംഗാളില്‍ നിലക്കടല വില്‍പ്പന നടത്തിയിരുന്ന ആളായിരുന്നു ഭൂപന്‍ ഭട്യാകര്‍. ഒരു ദിവസം കച്ചവടത്തിനിടെ ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ‘കച്ചാ ബദം’ പാട്ട് പാടിയത്. നസ്മൂ റീച്ചറ്റ് എന്ന സംഗീതജ്ഞന്‍ ഈ പാട്ട് റീമിക്‌സ് ചെയ്ത് ഇറക്കിയതോടെ ‘കച്ചാ ബദം’ വൈറല്‍ ആവുകയായിരുന്നു.