കാലാപാനി; മലയാള സിനിമാചരിത്രത്തിലെ മിന്നിത്തിളങ്ങുന്ന ഏടിന് 23 വയസ്

സഫീര്‍ അഹമ്മദ്

1996 ഏപ്രില്‍ 6…

മാതൃരാജ്യത്തിനു വേണ്ടി ബ്രിട്ടീഷുകാരില്‍ നിന്ന് പീഡനങ്ങള്‍ ഏറ്റു വാങ്ങിയ, ജീവന്‍ ബലിയര്‍പ്പിച്ച, ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ഒരു കൂട്ടം ജനങ്ങളുടെ കഥ പറഞ്ഞ് അഭ്രപാളികളില്‍ ദൃശ്യ വിസ്മയം തീര്‍ത്ത ടി.ദാമോദരന്‍- പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ കാലാപാനി എന്ന മികച്ച സിനിമ റിലീസായിട്ട് 23 വര്‍ഷങ്ങള്‍.

മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം മലയാള സിനിമ എന്ന ചെറിയ ഇന്‍ഡസ്ട്രിക്ക് സാങ്കേതിക മികവ് ഉള്ള ഒരു മികച്ച സിനിമ സംഭാവന ചെയ്യാന്‍, അത് മലയാള പതിപ്പിന് ഒപ്പം തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യാന്‍ സാധിക്കും എന്ന് ഇന്ത്യന്‍ സിനിമയ്ക്ക് കാണിച്ച് കൊടുത്ത സിനിമ കൂടിയാണ് പ്രിയദര്‍ശന്റെ കാലാപാനി.

Related image

മലയാള സിനിമാപ്രേക്ഷകര്‍ മോഹന്‍ലാലിനെ നായകനായി ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിച്ചിട്ടുള്ളത് പ്രിയദര്‍ശന്റെ സിനിമകളിലാണ്.
പ്രിയദര്‍ശന്‍ സിനിമകളിലെ മോഹന്‍ലാല്‍, അത് കണ്ണിന് കുളിര്‍മ നല്‍കുന്ന ഒരു കാഴ്ച തന്നെയാണ്, ഒരിക്കലും മലയാളിക്ക് മടുക്കാത്ത കാഴ്ചകളിലൊന്ന്.

മോഹന്‍ലാലിലെ  നടന് ഉജ്ജ്വല പെര്‍ഫോമന്‍സ് നടത്താന്‍ ഉള്ള ഒട്ടനവധി സീനുകളാല്‍ സമ്പന്നമായിരുന്നു ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രം. മോഹന്‍ലാലിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്ന്. ഗോവര്‍ദ്ധന്റെ പ്രണയവും വിരഹവും രാജ്യസ്‌നേഹവും നിസ്സഹായതയും പ്രതികാരവും ഒക്കെ എത്ര സൂക്ഷ്മതയോടെയാണ്, എത്ര മനോഹരമായിട്ടാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്.

കോമഡി സിനിമകള്‍ തുടരെ ചെയ്തിരുന്ന സംവിധായകന്‍ തന്നെയാണ് 1915 ലെ ആന്‍ഡമാന്‍ ജയില്‍പുള്ളികളുടെ കഥ പറഞ്ഞ കാലാപാനി എന്ന സീരിയസ് സിനിമ ഇത്ര മികച്ച രീതിയില്‍ അവതരിപ്പിച്ചത് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഏത് ജോണറിലുള്ള സിനിമയും പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ കൈകളില്‍ ഭദ്രമാണ് എന്ന് ഒരിക്കല്‍ കൂടി അടിവരയിട്ട് കാലാപാനി തെളിയിച്ചു.

Image result for kaalapani MOHANLAL MOVIE

കാലാപാനിയില്‍ ഒട്ടനവധി ഹൃദയസ്പര്‍ശിയായ മികച്ച രംഗങ്ങളുണ്ട്. കപ്പലില്‍ വെച്ച് വസൂരി രോഗം വന്നവരെ വെടി വെച്ച് കൊല്ലുന്നത് ഗോവര്‍ദ്ധനും മറ്റുള്ളവരും നിസ്സഹായതോടെ നോക്കി നില്‍ക്കുന്ന  രംഗം, ജയില്‍ ചാടിയതിന് ശിക്ഷ ഏറ്റ് വാങ്ങി പ്രഭുവിന്റെ മുകുന്ദന്‍ സെല്ലില്‍ വന്ന് കമിഴ്ന്ന് കിടന്ന് പാത്രത്തില്‍ നിന്ന് കഞ്ഞി കുടിക്കുന്നതു കണ്ട് വേദനയോടെ ഗോവര്‍ദ്ധന്‍ ജയിലഴികളില്‍ തലയടിക്കുന്ന രംഗം, “”an Indians back is not a foot board”” എന്ന് ഗോവര്‍ദ്ധന്‍ കളക്ടര്‍ സായിപ്പിനോട് പറയുന്ന രംഗത്തിനാണ് തിയേറ്ററില്‍ ഏറ്റവും കൈയടി കിട്ടിയത്.

ചെമ്പൂവേ ഗാനരംഗം, ഗോവര്‍ദ്ധനെ പോലീസ് ട്രെയിനില്‍ കൊണ്ട് പോകുമ്പോള്‍ പാര്‍വ്വതി ട്രെയിനിന്റെ ജനലഴികളില്‍ പിടിച്ച് കരയുന്ന രംഗത്തില്‍ തബ്ബു എത്ര മനോഹരമായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. മിര്‍സ ഖാന്റെ ഷൂ കൈ കൊണ്ട് വൃത്തിയാക്കാന്‍ ഗോവര്‍ദ്ധന്‍ വരുന്നതും, കൈ കൊണ്ടല്ല നാക്ക് കൊണ്ടാണ് ഷൂ വൃത്തിയാക്കേണ്ടത് എന്ന് മിര്‍സ ഖാന്‍ ആജ്ഞാപിക്കുമ്പോള്‍ ഗോവര്‍ദ്ധന്റെ മുഖത്ത് മിന്നി മറയുന്ന നിസ്സഹായതയുടെയും വേദനയുടെയും അമര്‍ഷത്തിന്റെയും ഭാവങ്ങള്‍ മോഹന്‍ലാല്‍ എത്ര മനോഹരമായിട്ടാണ്, അതിലുപരി എത്ര സ്വഭാവികമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. കാലാപാനിയില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ നൊമ്പരപ്പെടുത്തിയ രംഗങ്ങളില്‍ ഒന്നാണിത്.

Related image

ജയില്‍ ചാടാന്‍ ശ്രമിച്ചവരെയെല്ലാം കൂട്ടക്കൊല ചെയ്യുന്നതും അതിന് ശേഷം അവരെയെല്ലാം വലിയ ചിതയിലേയ്ക്ക് വലിച്ച് എറിയുന്നതും ഒക്കെ കാലാപാനിയിലെ ഹൃദയഭേദകമായ രംഗങ്ങളാണ്. ജയില്‍ ചാടിയ ശേഷം വിശപ്പ് താങ്ങാനാകാതെ പരമാനന്ദ് എന്ന കഥാപാത്രം മണ്ണ് വാരി തിന്നാന്‍ ശ്രമിക്കുന്നതും അതിന് ശേഷം മറ്റൊരു സഹതടവുകാരനെ കൊന്ന് ഭക്ഷിക്കുന്നതുമായ രംഗമാണ് കാലാപാനിയില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ അമ്പരപ്പിച്ചതും നൊമ്പരപ്പെടുത്തിയതും. വിശപ്പിന്റെ കാഠിന്യത്താല്‍ സ്വന്തം കൂട്ടുകാരനെ കൊന്ന് പച്ച മാംസം ഭക്ഷിക്കുന്ന മനുഷ്യന്റെ അവസ്ഥ കാണുന്ന ഗോവര്‍ദ്ധന്റെ അമ്പരപ്പും അറപ്പും സങ്കടവും എല്ലാം മോഹന്‍ലാല്‍ എത്ര വിസ്മയിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

മുകുന്ദനെ കൊല്ലാനായി പോലീസ് കൂട്ടികൊണ്ട് പോകുമ്പോള്‍ തിരിഞ്ഞ് നിന്ന് ഗോവര്‍ദ്ധനോട് അവസാന യാത്ര പറയുന്ന രംഗം പ്രഭു വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു.  മുകുന്ദന്‍ കൊല്ലപ്പെട്ടത് അറിഞ്ഞ് ജയിലഴികളില്‍ പിടിച്ച് ഗോവര്‍ദ്ധന്‍ കരയുന്നത് മറ്റൊരു ഹൃദയസ്പര്‍ശിയായ രംഗമാണ്. ക്ലൈമാക്‌സില്‍ മിര്‍സ ഖാനെ കൊന്നതിന് ശേഷം ഗോവര്‍ദ്ധന്റെ ഒരു ഭാവം ഉണ്ട് , വര്‍ണനാതീതമാണ് അതൊക്കെ.

എന്ത് കൊണ്ടാണ് മോഹന്‍ലാല്‍ മറ്റ് നടന്മാരില്‍ നിന്നും വ്യത്യസ്തനാകുന്നത് അല്ലെങ്കില്‍ അവരെക്കാള്‍ ഒക്കെ ഒരുപാട് മികച്ച നില്‍ക്കുന്നത്?? കാലാപാനിയിലെ മേല്‍പ്പറഞ്ഞ രംഗങ്ങളിലെ തന്നെ അതി മനോഹരമായ അഭിനയമുഹൂര്‍ത്തങ്ങള്‍ ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കുമെങ്കിലും എന്റെ ഉത്തരം താഴെ പറയുന്ന കാലാപാനിയിലെ ഒരു രംഗം തരും, ഗോവര്‍ദ്ധന്‍ ആദ്യമായി സെല്ലില്‍ വെച്ച് പാണ്ഡ്യന്‍ എന്ന പത്രപ്രവര്‍ത്തകനെ പരിചയപ്പെടുന്ന രംഗം. സ്വരാജ് എന്ന പത്രത്തിന്റെ എഡിറ്റര്‍മാരില്‍ ഒരാളാണ് പാണ്ഡ്യന്‍ എന്ന് അറിയുമ്പോള്‍ ഉള്ള ഗോവര്‍ദ്ധന്റെ ഭാവവ്യത്യാസം, ഒപ്പം ഓരോ സംഭാഷങ്ങളിലും മുഖത്ത് വരുന്ന ഭാവങ്ങള്‍, വിസ്മയം എന്ന പദം ഒന്നും പോരാതെ വരും ഇത്തരത്തിലുള്ള അഭിനയത്തെ വിശേഷിപ്പിക്കാന്‍.

സോഷ്യല്‍ മീഡയയും ഫാന്‍സ് അസോസിയേഷനും ഒന്നും ഇല്ലാത്ത കാലത്താണ് കാലാപാനിക്ക് വലിയ ഹൈപ്പ് ഉണ്ടായത് എന്ന് കൂടി ഓര്‍ക്കണം.1995 ക്രിസ്തുമസ് റിലീസായിട്ടാണ് കാലാപാനി ആദ്യം ചാര്‍ട്ട് ചെയ്തിരുന്നത്, പിന്നീടത് റിലിസ് 1996 ഏപ്രിലേക്ക് മാറ്റി. റിലീസിന് മുമ്പ് തന്നെ മികച്ച നടന്‍ ഉള്‍പ്പെടെ 1995 ലെ സംസ്ഥാന അവാര്‍ഡുകള്‍ കാലാപാനി തൂത്തുവാരിയത്, ഒപ്പം അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ഉണ്ടായ വിവാദങ്ങള്‍ ഒക്കെ സിനിമാപ്രേമികളുടെ കാലാപാനിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി.
ഒരു സിനിമയ്ക്ക് വേണ്ടി കേരളത്തിലെ ഒട്ടുമിക്ക A ക്ലാസ് തിയേറ്ററുകളിലെയും സൗണ്ട് സിസ്റ്റം നവീകരിക്കുക എന്നത് അന്ന് വളരെ കൗതുകം ഉണര്‍ത്തുന്ന വാര്‍ത്തയായിരുന്നു. അതെ, കാലാപാനിക്ക് വേണ്ടിയാണ് കേരളത്തിലെ മിക്ക തിയേറ്ററുകളിലും ഡോല്‍ബി സൗണ്ട് സിസ്റ്റം കൊണ്ടു വന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ കൂടി കാലാപാനി മൊഴി മാറ്റി റിലീസ് ചെയ്തു,1996 ല്‍ 5 റിലീസ് തിയേറ്ററുകളില്‍ 100+ ദിവസം ഓടിയിട്ടുണ്ട് കാലാപാനി, ഒപ്പം തമിഴ് പതിപ്പായ “ശിറൈശാല”യും മികച്ച വിജയം നേടിയിരുന്നു. മലയാളത്തില്‍ ഒഴിവാക്കിയ “കൊട്ടും കുഴല്‍ വിളി” എന്ന പാട്ട് തമിഴ് പതിപ്പ് “ശിറൈശാലയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

1995 ലെ 5 നാഷണല്‍ അവാര്‍ഡുകളും 7 സംസ്ഥാന അവാര്‍ഡുകളും കാലാപാനിക്ക് ലഭിച്ചിരുന്നു… കാലാപാനിയിലെ പെര്‍ഫോമന്‍സിന് 1995 ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മോഹന്‍ലാല്‍ നേടിയിരുന്നു. നാഷണല്‍ അവാര്‍ഡ് നിര്‍ണയത്തിന്റെ അവസാന റൗണ്ടില്‍ കാലാപാനിയിലെ മികച്ച പ്രകടനത്തിന് മോഹന്‍ലാല്‍ ഉണ്ടായിരുന്നുവെങ്കിലും കിരീടത്തിലെയും സദയത്തിലെയും അതിഗംഭീര പെര്‍ഫോമന്‍സുകള്‍ മുന്‍ വര്‍ഷങ്ങളില്‍ തഴയപ്പെട്ടതു പോലെ തന്നെ വീണ്ടും നിര്‍ഭാഗ്യം മോഹന്‍ലാലിനെ പിന്‍തുടര്‍ന്നു.

1995 കാലഘട്ടത്തില്‍ മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റില്‍ നിര്‍മ്മിച്ച സിനിമ കൂടിയാണ് കാലാപാനി. ഒന്നൊന്നര കോടി രൂപയ്ക്ക് സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ നിര്‍മ്മിച്ചിരുന്ന കാലത്താണ് കാലാപാനി നാലഞ്ച് കോടി രൂപയോളം ചെലവിട്ട് മോഹന്‍ലാല്‍ നിര്‍മ്മിച്ചത്, കൂടെ ഗുഡ്‌നൈറ്റ് മോഹനും ഉണ്ടായിരുന്നു നിര്‍മ്മാണ പങ്കാളിയായി.

കാലാപാനിയുടെ ഹിന്ദി പതിപ്പിന്റെ( Saza-e-Kalapani”)റൈറ്റ്‌സ് അമിതാഭ് ബച്ചന്റെ ABCLഒരു കോടി രൂപയ്ക്ക് സ്വന്തമാക്കിയത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു.
കാലാപാനിയെ കുറിച്ച് പറയുമ്പോള്‍ എടുത്ത് പറയേണ്ട കാര്യം അല്ലെങ്കില്‍ അതിശയിപ്പിക്കുന്ന കാര്യം, ഈ സിനിമ ചിത്രീകരിക്കാന്‍ പ്രിയദര്‍ശന് 60 ദിവസങ്ങള്‍ പോലും വേണ്ടി വന്നില്ല എന്നുള്ളതാണ്. മണിരത്‌നം കാലാപാനിയെ കുറിച്ച് ഒരിക്കല്‍ ഒരു മാഗസിനില്‍ പറഞ്ഞത് “ഞാനായിരുന്നു ഈ സിനിമ എടുത്തതെങ്കില്‍ ഒരു വര്‍ഷത്തിലധികം വേണ്ടി വരുമായിരുന്നു ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍” എന്നാണ്.

ടി ദാമോദരന്റെയും പ്രിയദര്‍ശന്റെയും മികച്ച തിരക്കഥ, പ്രിയദര്‍ശന്റെ സംവിധാന മികവ്, സന്തോഷ് ശിവന്റെ ഛായാഗ്രാഹണം, സാബു സിറിളിന്റെ കലാസംവിധാനം, ഇളയരാജയുടെ മികച്ച ഗാനങ്ങളും പശ്ചാത്തസംഗീതവും, മറ്റു നടീനടന്മാരുടെ മികച്ച പെര്‍ഫോമന്‍സുകളും ഒക്കെ കാലാപാനിയെ കൂടുതല്‍ മികവുറ്റതാക്കി, എന്നും ഓര്‍ക്കാവുന്ന, അഭിമാനിക്കാവുന്ന ഒരു സിനിമയാക്കി മാറ്റി.

22 വര്‍ഷങ്ങള്‍ക്കിപ്പുറവും കാലാപാനിയെ കുറിച്ച്, കാലാപാനിയുടെ സാങ്കേതിക മികവിനെ കുറിച്ച് പ്രേക്ഷകര്‍ പുകഴ്ത്തുന്നുണ്ടെങ്കില്‍ അത് പ്രിയദര്‍ശന്‍ എന്ന ക്രാഫ്റ്റ്മാന്റെ സംവിധാന പാടവം കൊണ്ടാണ്, സന്തോഷ് ശിവന്റെ പകരം വെയ്ക്കാനില്ലാത്ത ഛായാഗ്രഹണ മികവ് കൊണ്ടാണ്, അതിലുപരി മോഹന്‍ലാല്‍ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കൊണ്ടാണ്.