ജയറാമിൻ്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തതത്. രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂർത്തത്തിലായിരുന്നു വിവാഹം.
മന്ത്രി മുഹമ്മദ് റിയാസ്, നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഉൾപ്പടെ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രശസ്‌തർ വിവാഹത്തിൽ പങ്കെടുത്തു. കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. ഇരുവരുടെയും എൻഗേജ്‌മെന്റ് വീഡിയോ വൈറലായിരുന്നു. നവംബർ പത്തിന് ചെന്നൈയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. എൻഗേജ്‌മെന്റ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എൻഗേജ്‌മെന്റിന്റെ വൻ ആഘോഷങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്.
ഇക്കഴിഞ്ഞ മെയിൽലായിരുന്നു കാളിദാസിൻ്റെ സഹോദരി മാളവിക ജയറാം ഗുരുവായൂരിൽ വെച്ച് വിവാഹിതയായത്. അന്നേ മകൻ്റെ വിവാഹവും ഗുരുവായൂരിലായിരിക്കുമെന്ന് ജയറാമും പാർവതിയും അറിയിച്ചിരുന്നു. രണ്ട് വർഷം മുൻപ് ദുബായിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് കാളിദാസ് പ്രണയത്തിലാണെന്ന കാര്യം ഏവരും അറിഞ്ഞത്. ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചതോടെ ജയറാമിനും കുടുംബത്തിനും ഒപ്പമുള്ള പെൺകുട്ടി ഏതാണെന്ന ചർച്ചകളും ഉയർന്നു.
തരിണിയും കാളിദാസും ജയറാമും, പാർവതിയും, മാളവികയും ഒന്നിച്ചുള്ള തിരുവോണ ദിനത്തിലെ ഫോട്ടോ പുറത്തുവന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിച്ചു. ഷി തമിഴ് നക്ഷത്ര 2023 അവാർഡിന് തരിണി കലിംഗരായർക്കൊപ്പം എത്തിയ കാളിദാസ് പൊതുവേദിയിൽ വച്ച് ഞങ്ങൾ വിവാഹം ചെയ്യാൻ പോവുകയാണ് എന്ന് കാളിദാസ് പറഞ്ഞതോടെ സോഷ്യൽ മീഡിയ ഇരുവരെയും ഏറ്റെടുക്കുകയായിരുന്നു.
ബാലതാരമായാണ് കാളിദാസ് അഭിനയരംഗത്തേക്ക് എത്തിയത്. ഇപ്പോൾ നായക വേഷത്തിൽ ആണ് താരം തിളങ്ങുന്നത്. മലയാളത്തിലും തമിഴിലും അന്യഭാഷകളിലുമായി നിരവധി ചിത്രങ്ങളാണ് കാളിദാസ് അഭിനയിച്ചത്. 23 കാരിയായ തരിണി അഭിനയത്തിനും മോഡലിങ്ങിനും പുറമെ പരസ്യചിത്രങ്ങൾ എന്നിവയും ചെയ്യുന്നുണ്ട്. ഒരു കോടിക്ക് പുറത്താണ് താരിണിയുടെ മൂല്യം എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. തരിണിക്ക് ചെന്നൈയിൽ ആഡംബര വീടും ഓഡി കാറും സ്വന്തമായുണ്ട് എന്ന് ഇരുവരുടെയും വിവാഹനിശ്ചയ സമയത്തു തന്നെ വാർത്തകൾ വന്നിരുന്നു.