കങ്കണ റണാവത് ചിത്രം ‘എമര്‍ജന്‍സി’ ഇനി ഒ.ടി.ടിയിലേക്ക്. ജനുവരി 17ന് തിയേറ്ററുകളിലെത്തിയ ചിത്രം വന്‍ ഫ്‌ളോപ്പ് ആയിരുന്നു. മാര്‍ച്ച് 17ന് ആണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ എത്തുന്നത്. 60 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് 17.47 കോടി രൂപ മാത്രമേ തിയേറ്ററില്‍ നിന്നും നേടാനായിട്ടുള്ളു. അടിയന്തരാവസ്ഥ കാലത്തിന് ശേഷമുള്ള ഇന്ദിരാ ഗാന്ധിയുടെ ജീവിതവും ഓപറേഷന്‍ ബ്ലൂസ്റ്റാറുമടക്കമുള്ള വിഷയങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
കങ്കണ ഇന്ദിരാ ഗാന്ധിയായി വേഷമിട്ട ചിത്രത്തില്‍ അനുപം ഖേര്‍, ശ്രേയസ് താല്‍പദെ, അശോക് ചാബ്ര, മഹിമ ചൗധരി, മിലിന്ദ് സോമന്‍, വിശാഖ് നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം, സിനിമ റിലീസ് ചെയ്യുന്നതിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
സിഖ് സംഘടനകള്‍ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. സിനിമ റിലീസ് ചെയ്യണമെങ്കില്‍ 13 കട്ടുകള്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിക്കളഞ്ഞ കങ്കണയുടെ നിലപാട് ചര്‍ച്ചയായിരുന്നു. സിനിമയുടെ ആത്മാവ് കളയാന്‍ പറ്റില്ല എന്നായിരുന്നു കങ്കണ പറഞ്ഞത്.
സിനിമ തിയേറ്ററില്‍ എത്തിയ ശേഷം ഡയറക്ട് ഒ.ടി.ടി റിലീസ് ചെയ്താല്‍ മതിയായിരുന്നുവെന്നും കങ്കണ പ്രതികരിച്ചിരുന്നു. സെന്‍സര്‍ ചെയ്യാന്‍ വൈകിയതും, തിയേറ്ററിലെ മോശം പ്രകടനവും കണ്ടായിരുന്നു കങ്കണയുടെ പ്രസ്താവന. ഒ.ടി.ടിയില്‍ ആണെങ്കില്‍ തനിക്ക് മികച്ച ഡീല്‍ ലഭിച്ചേനെ. അങ്ങനെയാണെങ്കില്‍ സെന്‍സര്‍ഷിപ്പ് നടത്തേണ്ടി വരില്ലായിരുന്നു എന്നായിരുന്നു കങ്കണ പറഞ്ഞത്.
എമര്‍ജന്‍സി ചെയ്യുന്നതിനായി തന്റെ സ്വത്തുക്കള്‍ അടക്കം കങ്കണ ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംവിധാനത്തിനൊപ്പം നിര്‍മ്മാണവും കങ്കണ തന്നെയായിരുന്നു. ചിത്രീകരണത്തിനായി പാര്‍ലിമെന്റ് വിട്ടു നല്‍കണമെന്ന് കങ്കണ അപേക്ഷ നല്‍കിയ വാര്‍ത്തകളും ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ താരത്തിന്റെ പ്രതീക്ഷക്കൊത്ത് സിനിമ ഉയര്‍ന്നില്ല.