മരട് 357; നായകന്‍ അനൂപ് മേനോന്‍, ശീലുവും നൂറിനും നായികമാര്‍

പട്ടാഭിരാമന്‍ എന്ന വിജയ ചിത്രത്തിനു ശേഷം കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് വിഷയത്തിന്റെ കഥയുമായി കണ്ണന്‍ താമരക്കുളം എത്തുന്ന മരട് 357 ല്‍ അനൂപ് മേനോന്‍ നായകന്‍. ശീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് നായികമാരായി എത്തുന്നത്. രമേഷ് പിഷാരടി, ധര്‍മ്മജന്‍, സാജില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

മരട് ഫ്ളാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. ഫ്‌ളാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357 ഓളം കുടുംബങ്ങള്‍ക്കാണ് തങ്ങളുടെ വീട് നഷ്ടപെട്ടത്. ഫ്‌ളാറ്റിലെ താമസക്കാരുടെ ജീവിതത്തിന്റെയും അവരനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെയും കഥയാണ് ചിത്രം പറയുന്നത്.

Read more

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണലയയുടെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പട്ടാഭിരാമന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം കണ്ണന്‍ താമരക്കുളവും അബ്രഹാം മാത്യുവും ദിനേശ് പള്ളത്തും ഒരുമിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് രവി ചന്ദ്രനാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവര്‍ ഗാനരചന നിര്‍വഹിക്കുന്നു. സംഗീതം ഫോര്‍ മ്യൂസിക്സ്.