മരട് വിഷയം സിനിമ ആകുന്നു; കണ്ണന്‍ താമരക്കുളത്തിന്റെ 'മരട് 357'

പട്ടാഭിരാമന്‍ എന്ന വിജയ ചിത്രത്തിനു ശേഷം കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് വിഷയത്തിന്റെ കഥയുമായി കണ്ണന്‍ താമരക്കുളം. മരട് 357 എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് ഒരുങ്ങാന്‍ പോകുന്നത്. മരട് ഫ്‌ളാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആണ് ചിത്രം നിര്‍മിക്കുന്നത്.

“ബില്‍ഡിംഗ് മാഫിയയുടെയും ഇതിനൊക്കെ ഒത്താശ ചെയ്തു കൊടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. മരട് ഫ്‌ളാറ്റിന് എങ്ങനെ നിര്‍മ്മാണാവകാശം കിട്ടി. അതില്‍ നടന്ന ചതിയുടെ അറിയാക്കഥ ചിത്രത്തിലൂടെ പറയും. കൂടാതെ ഒന്നുമറിയാതെ ജീവിതം നഷ്ടപ്പെട്ട ഫ്‌ളാറ്റ് ഉടമകളുടെ ജീവിതം കൂടി ഞങ്ങളിതിലൂടെ പറയാന്‍ ശ്രമിക്കുന്നു.”കണ്ണന്‍ താമരക്കുളം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

പട്ടാഭിരാമന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം കണ്ണന്‍ താമരക്കുളവും അബ്രഹാം മാത്യുവും ദിനേശ് പള്ളത്തും ഒരുമിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് രവി ചന്ദ്രനാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവര്‍ ഗാനരചന നിര്‍വഹിക്കുന്നു. സംഗീതം ഫോര്‍ മ്യൂസിക്‌സ്.