ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ണായക ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയത് വിവാദമാകുന്നു. വിവരാവകാശ കമ്മീഷന് പുറത്തുവിടാമെന്ന് ഉറപ്പ് നല്കിയ വിവരങ്ങള്‍ നിലവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ ഇല്ല. അഞ്ച് പേജുകളാണ് സര്‍ക്കാര്‍ മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയത്.
ലൈംഗികാതിക്രമം സംബന്ധിച്ച് തങ്ങള്‍ക്ക് മുന്നില്‍ എത്തിയ മൊഴികള്‍ വിശ്വസിക്കാതിരിക്കാന്‍ ആവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് കഴിഞ്ഞുള്ള അഞ്ച് പേജുകളാണ് പൂര്‍ണമായി ഒഴിവാക്കിയത്. വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കുമെന്ന് നേരത്തെ തന്നെ സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നു.
എന്നാല്‍ ഒഴിവാക്കിയതായി വിവരവകാശ കമ്മീഷന് അറിയിച്ച പാരാഗ്രാഫുകള്‍ കൂടാതെ 97 മുതല്‍ 107 വരെയുള്ള 11 പാരാഗ്രാഫുകള്‍ അധികമായി ഒഴിവാക്കി എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മലയാള സിനിമയിലെ പ്രമുഖരായ വ്യക്തികള്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ പേജുകള്‍ ആരുമറിയാതെ സര്‍ക്കാര്‍ ഒഴിവാക്കി എന്ന ആക്ഷേപമാണ് നിലവില്‍ ഉയരുന്നത്.
അതേസമയം, റിപ്പോര്‍ട്ടില്‍ പറയുന്ന അക്രമികള്‍ക്കെതിരെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് എന്ന വിമര്‍ശനവും ഉയര്‍ന്നുണ്ട്. എന്നാല്‍ സ്വമേധയാ സര്‍ക്കാരിന് കേസ് എടുക്കാനാകില്ല എന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ പറഞ്ഞത്.
എന്നാല്‍ സര്‍ക്കാരിന് സ്വമേധയാ കേസ് എടുക്കാന്‍ സാധിക്കുമെന്ന്, പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ട് ഇന്നലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച കോടതി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സീല്‍ വച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.