അസുഖം തിരിച്ചറിഞ്ഞത് രണ്ട് വർഷം മുമ്പ്, വേദനാജനകമായിരുന്നു ആ കാലം: ലിയോണ ലിഷോയി

വളരെ കുറച്ച് സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ലിയോണ ലിഷോയ്. പിതാവ് ലിഷോയുടെ പിന്നാലെ അഭിനയ രം​ഗത്തെത്തിയ ലിയോണയ്ക്കും നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ അഭിമുഖീകരിക്കുന്ന ഒരു രോഗാവസ്ഥയെ കുറിച്ച് ലിയോണ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ രണ്ട് വർഷമായി എൻഡോ മെട്രിയോസിസ് എന്ന രോഗാവസ്ഥയ്ക്ക് അടിമയാണ് താനെന്നും ആ രോ​ഗവസ്ഥ വളരെ വെല്ലുവിളി നിറഞ്ഞതാണെന്നും ലിയോണ കുറിച്ചു.

“ജീവിതം സുന്ദരമാണ്. ചിലപ്പോള്‍ വേദനാജനകവും. മിക്കപ്പോഴും ഇതു രണ്ടും നിറഞ്ഞതായിരിക്കും. രണ്ടു വര്‍ഷം മുന്‍പാണ് എനിക്ക് എന്‍ഡോമെട്രിയോസിസ് (സ്റ്റേജ് 2) സ്ഥിരീകരിക്കുന്നത്. രണ്ട് വര്‍ഷം കഠിനമായ വേദനകളുടെ കാലമായിരുന്നു. എന്‍ഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതും ഒരു തുടർച്ചയായ പ്രക്രിയയുമാണ്.

എന്നാല്‍, ശാരീരികവും മാനസികവുമായ എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അജ്ഞതയിൽ നിന്ന്, വേദനയുടെ ഭയാനകമായ യാത്രയിൽ നിന്ന്, ശരീരത്തിലെയും മനസ്സിലെയും മാറ്റങ്ങള്‍ അംഗീകരിക്കുന്ന അവസ്ഥയിലേക്ക് കുടുംബത്തിന്‍റെയും അടുത്ത സുഹൃത്തുക്കളുടെയും പ്രിയപ്പെട്ട ഡോക്ടർ ലക്ഷ്മിയുടെയും സഹായത്തോടെ, ഞാനൊരുപാട് മുന്നോട്ട് പോയി എന്ന് ഞാന്‍ വിശ്വസിക്കുന്നു.

എന്‍ഡോമെട്രിയോസിസിന്‍റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആര്‍ത്തവ വേദനയാണ്. കഠിനമായ ആര്‍ത്തവവേദന നല്ലതല്ല, അത് സാധാരണമല്ല. ഇതു വായിക്കുന്ന സ്ത്രീകളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു, ദയവായി ഡോക്ടറെ കാണുക എന്നും” ലിയോണ കുറിക്കുന്നു.

View this post on Instagram

A post shared by Leona Leeshoy (@leo_lishoy)

ഇഷ്ക്, ആൻമേരിയ കലിപ്പിലാണ്, മായാനദി, മറഡോണ, അതിരൻ, ക്യൂൻ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന അഭിനേത്രി കൂടിയാണ് ലിയോണ. ലിയോണയെ ഏറ്റവുമൊടുവിൽ കണ്ടത് ‘ട്വൽത്ത് മാൻ’ എന്ന ചിത്രത്തിലാണ്.