'നിന്നെ നഷ്ടപ്പെട്ടതിൻ്റെ വേദന അളക്കാനാവാത്തതാണ്, കാണാനും കേൾക്കാനും തൊടാനും കഴിയില്ലെങ്കിലും ആ സാന്നിധ്യം ഞാൻ അനുഭവിക്കുന്നു'; മകളുടെ ഓർമദിനത്തിൽ കെ എസ് ചിത്ര

മകൾ നന്ദനയുടെ ഓർമദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി ഗായിക കെ എസ് ചിത്ര. കാണാനും സ്‌പർശിക്കാനും കഴിയുന്നില്ലെങ്കിലും മകൾ എന്നും തനിക്കൊപ്പമുണ്ടെന്നാണ് ചിത്ര കുറിച്ചത്. നമ്മൾ ഒരു ദിവസം വീണ്ടും കണ്ടുമുട്ടുമെന്നും നിന്നെ നഷ്ടപ്പെട്ടതിൻ്റെ വേദന അളക്കാനാവാത്തതാണെന്നും ചിത്ര കുറിച്ചു. എല്ലാ വിഷുവിനും മകളെ ഓർത്തുള്ള കുറിപ്പ് ചിത്രയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പ്രത്യേക്ഷപ്പെടാറുണ്ട്.

മകളുടെ ചിത്രത്തോടൊപ്പമാണ് ചിത്ര കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 2011 ഏപ്രിൽ 14-നാണ് ദുബായിലെ ഒരു ഫ്ലാറ്റിൻ്റെ നീന്തൽക്കുളത്തിൽ വീണ് ചിത്രയുടെ മകൾ നന്ദന മരണപ്പെട്ടത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രക്കും ഭർത്താവ് വിജയശങ്കറിനും നന്ദനയെ കിട്ടിയത്. ഭിന്നശേഷിക്കാരിയായ കുട്ടിയെ അത്രയെറെ പരിചരണ കൊടുത്താണ് വളർത്തിയിരുന്നത്. എന്നാൽ 2011 ഏപ്രിൽ 14-ന് ദുബായിലെ ഒരു ഫ്ലാറ്റിൻ്റെ നീന്തൽക്കുളത്തിൽ വീണ് നന്ദന മരണപ്പെടുകയായിരുന്നു.

ചിത്ര അടുത്ത് ഇല്ലാതിരുന്ന സമയത്ത് സ്വന്തമായി വാതിൽ തുറന്ന് പുറത്തുകടക്കാൻ ശ്രമിച്ചതായിരുന്ന നന്ദന. എന്നാൽ വാതിലിന് തൊട്ടടുത്തായാണ് സ്വിമ്മിംഗ് പൂൾ ഉണ്ടായിരുന്നത്. ഇതിലേക്ക് കാല് വഴുതിവീഴുകയായിരുന്നു കുട്ടി. മകളുടെ മരണത്തിന് ശേഷം ചിത്ര സംഗീതം ഉപേക്ഷിക്കുകയും കടുത്ത മാനസികസംഘർഷം അനുഭവിക്കുകയും ചെയ്‌തിരുന്നു.

പോസ്റ്റിന്റെ പൂർണരൂപം

“എനിക്ക് നിന്നെ കാണാൻ കഴിയില്ല. കേൾക്കാൻ കഴിയില്ല, തൊടാൻ കഴിയില്ല. പക്ഷേ, നീ എന്റെ ഹൃദയത്തിൽ ജീവിക്കുന്നതിനാൽ എപ്പോഴും നിൻ്റെ സാന്നിധ്യം എനിക്ക് അനുഭവിച്ചറിയാൻ കഴിയും. നമ്മൾ ഒരു ദിവസം വീണ്ടും കണ്ടുമുട്ടും. നിൻ്റെ നഷ്ടപ്പെട്ടതിൻ്റെ വേദന അളക്കാനാവാത്തതാണ്. ആകാശത്തിലെ ഏറ്റവും വലിയ നക്ഷത്രം നീയാണെന്ന് എനിക്കറിയാം”- ചിത്ര കുറിച്ചു