ലോലന്‍ ഇനി പഴയ ലോലനല്ല, പോലീസുകാരനായി കിടിലന്‍ മേക്കോവര്‍

ആട് ഒരു ഭീകരജീവിയാണ് എന്ന മിഥുന്‍ മാനുവല്‍ ചിത്രത്തിലെ ലോലന്‍ എന്ന കഥാപാത്രത്തെ ആരും പെട്ടെന്നൊന്നും മറക്കില്ല. നിഷ്‌കളങ്കനും ലോലഹൃദയനുമായ ലോലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് യുവതാരം ഹരികൃഷ്ണനാണ്. എന്നാല്‍ ഇപ്പോഴിതാ വളരെ വ്യത്യസ്തമായ ഒരു വേഷമാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ സിനിമയില്‍ ലോലനെ കാത്തിരിക്കുന്നത് അരുണ്‍ എന്ന പൊലീസ് ഓഫീസറുടെ കഥാപാത്രമാണ്. ചിത്രത്തിനായി ഹരികൃഷ്ണന്‍ നടത്തിയ മേയ്ക്ക് ഓവറാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

അഞ്ചാം പാതിര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചാക്കോച്ചന്‍ പ്രത്യക്ഷപ്പെടുന്നത്. ഉണ്ണി മായ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണിത്. ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന് ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം ആണ് സംഗീതം.

Read more