കശ്മീര്‍ ഫയല്‍സിന് പുരസ്‌കാരം ലഭിച്ചതില്‍ പ്രതിഫലിക്കുന്നത് ആര്‍എസ്എസിന്റെ വീക്ഷണം, അടുത്ത പുരസ്‌കാരം 'കേരളാ സ്റ്റോറി'ക്ക് ആയാല്‍ അത്ഭുതപ്പെടേണ്ട: എം.എ ബേബി

‘ദ കശ്മീര്‍ പയയല്‍സ്’ ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. കശ്മീര്‍ ഫയല്‍സിന് അവാര്‍ഡ് ലഭിച്ചതില്‍ പ്രതിഫലിക്കുന്നത് ആര്‍എസ്എസിന്റെ വീക്ഷണമാണ് പ്രതിഫലിക്കുന്നത് എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറയുന്നത്.

”കാശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയ്ക്ക് ദേശീയോദ്ഗ്രഥനത്തിന് സംഭാവന ചെയ്ത സിനിമയ്ക്കുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് നല്‍കുന്നത് സിനിമാ പുരസ്‌കാരങ്ങളുടെ കാര്യത്തില്‍ ഉള്ള രാഷ്ട്രീയ ഇടപെടല്‍ മാത്രമല്ല, ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള ആര്‍എസ്എസ് വീക്ഷണവും പ്രതിഫലിപ്പിക്കുന്നു.”

”ദേശീയോദ്ഗ്രഥനത്തിന് സംഭാവന ചെയ്ത ചിത്രത്തിനുള്ള അടുത്ത പുരസ്‌കാരം ‘കേരളാ സ്റ്റോറി’ക്ക് ആയാലും അത്ഭുതപ്പെടേണ്ടതില്ല” എന്നാണ് എം.എ ബേബി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കശ്മീര്‍ ഫയല്‍സിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

”ദ കശ്മീര്‍ ഫയല്‍സിന് ദേശീയ അവാര്‍ഡ് നല്‍കിയത് അത്ഭുതപ്പെടുത്തി. തരംതാണ രാഷ്ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡിന്റെ വില കളയരുത്. സിനിമാ- സാഹിത്യ പുരസ്‌കാരങ്ങളില്‍ രാഷ്ട്രീയ ചായ്വ് ഇല്ലാത്തതാണ് നല്ലത്” എന്നാണ് എം.കെ സ്റ്റാലിന്‍ പറഞ്ഞത്.

Read more

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ച് പറഞ്ഞ സിനിമയ്‌ക്കെതിരെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിനും കൊലപാതകത്തിനും കാരണം ആര്‍ട്ടിക്കിള്‍ 370 ആണെന്ന് സിനിമയിലൂടെ വിവേക് അഗ്‌നിഹോത്രി സ്ഥാപിച്ചത് സര്‍ക്കാരിനെ കൂടി വെള്ള പൂശുന്നത് പോലെയാണ് എന്ന വിവാദങ്ങള്‍ ആയിരുന്നു ഉയര്‍ന്നത്.