വ്രണപ്പെടുത്തുന്ന ‘മതവികാര’മാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയെ ഭരിക്കുന്നത്. ഒരു കാലഘട്ടത്തിന് ശേഷം മതത്തെ ചുറ്റിപ്പറ്റിയുള്ള സിനിമകള്‍ ഇന്ത്യയില്‍ സജീവമായതും ഒരു പതിറ്റാണ്ടിന് ഇടയിലാണ്. നിലവില്‍ ഇന്ത്യന്‍ സിനിമയില്‍ കത്തി നില്‍ക്കുന്ന വിഷയം ആമിര്‍ ഖാന്‍ പുത്രന്‍ ജുനൈദ് ഖാന്റെ ആദ്യ സിനിമയായി എത്താനിരുന്ന ‘മഹാരാജ്’ ആണ്. സ്വാതന്ത്ര്യത്തിനും മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകനെതിരെ നടന്ന മാനനഷ്ടക്കേസ് കേസ് ആണ് സിനിമയിലെ വിഷയം. മഹാരാജ് മാനനഷ്ടക്കേസ് എന്നറിയപ്പെട്ടിരുന്ന കേസിനെ അടിസ്ഥാനമാക്കി വര്‍ഷങ്ങള്‍ക്ക് ശേഷം എത്താന്‍ ഒരുങ്ങിയ സിനിമയാണ് ജുനൈദ് ഖാന്‍ നായകനായ ‘മഹാരാജ്’.
എന്നാല്‍ സംഘപരിവാറിന് അത്തരമൊരു സിനിമ താങ്ങാനാവില്ല. ആമിറിന് പിന്നാലെ മകനും സംഘപരിവാറിന്റെ കണ്ണിലെ കരടാവുകയാണ്. ജൂണ്‍ 14ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യാനായിരുന്ന സിനിമ, മതവികാരം വ്രണപ്പെടുമെന്ന ഹിന്ദു വിഭാഗത്തിന്റെ ഹര്‍ജിയെ തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. 1862ലെ മഹാരാജ് ലൈബല്‍ കേസ് അടിസ്ഥാനമാക്കിയുള്ള ചിത്രം മതവികാരം വ്രണപ്പെടുത്തുമെന്ന് കാട്ടി കൃഷ്ണ-വല്ലഭാചാര്യ വിശ്വാസികളാണ് ഹര്‍ജി നല്‍കിയത്. ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെയില്‍ 1862ല്‍ നടന്ന ഒരു മാനനഷ്ടക്കേസാണ് മഹാരാജ് ലൈബല്‍ കേസ്.
ആത്മീയതയുടെ പേരില്‍ പുഷ്ടിമാര്‍ഗ് എന്ന ആശ്രമത്തിലെ മതനേതാക്കള്‍ സ്ത്രീ ഭക്തരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നായിരുന്നു തെളിവുകള്‍ ഉദ്ധരിച്ച് കര്‍സന്‍ദാസ് മുല്‍ജി റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത പ്രസിദ്ധീകരിച്ച നാനാഭായ് റുസ്തംജി റാനീനക്കും ലേഖനമെഴുതിയ കര്‍സന്‍ദാസ് മുല്‍ജിയ്ക്കും എതിരായി ആത്മീയ നേതാവായിരുന്ന യാദുനാഥ്ജി ബ്രിജ്രതന്‍ജി മഹാരാജ് നല്‍കിയ കേസ് ആണ് മഹാരാജ് ലൈബല്‍ കേസ്. 50000 രൂപയാണ് അന്ന് നഷ്ടപരിഹാരമായി മഹാരാജ് ആവശ്യപ്പെട്ടത്.
ഭാട്ടിയ, വാണിയ ജാതിയില്‍പ്പെട്ട പുഷ്ടിമാര്‍ഗത്തിലെ മതനേതാക്കളുടെ കാലുകള്‍ ഭൃത്യരെ കൊണ്ട് നക്കിപ്പിക്കുക, വെള്ളത്തില്‍ നനച്ച മഹാരാജിന്റെ തുണികള്‍ പിഴിഞ്ഞ് വെള്ളം കുടിപ്പിക്കുക, മതനേതാക്കള്‍ ചവച്ച വെറ്റില അനുയായികളെ കൊണ്ട് തീറ്റിപ്പിക്കുക, പെണ്‍കുട്ടികളെയും സ്ത്രീകളെയും വിശ്വാസത്തിന്റെ പേരില്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കുക തുടങ്ങിയവ കോടതിയില്‍ തെളിഞ്ഞതോടെ, പുരോഹിതന്മാരെയും പുഷ്ടിമാര്‍ഗിലെ തന്നെ മറ്റ് മതാചാര്യന്മാരെയും ഭക്തരെയും പങ്കെടുപ്പിച്ച് നടത്തിയ വിചാരണയ്‌ക്കൊടുവില്‍ കേസ് കര്‍സന്‍ദാസിന് അനുകൂലമായി വിധിക്കുകയാണുണ്ടായത്. ഈ സിനിമ വരുന്നതോടെ മതവികാരം വ്രണപ്പെടുമെന്നാണ് സംഘപരിവാറിന്റെ നിഗമനം. മഹാരാജ് മാത്രമല്ല, മതവികാരം വ്രണപ്പെടുമെന്ന ടാഗില്‍ നിരവധി സിനിമകള്‍ക്കെതിരെ ആക്രമണങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്.
‘ഹമാരേ ബാരാ’ എന്ന സിനിമയുടെ റിലീസ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. മുസ്ലീം മതവിശ്വാസത്തെയും മുസ്ലീം സ്ത്രീകളെയും അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ചിത്രത്തിനെതിരെ ഹര്‍ജി എത്തിയത്. സിനിമ വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ അടക്കം സിനിമയുടെ റിലീസ് തടഞ്ഞിരുന്നു.
ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിച്ചതോടെ പിന്‍വലിക്കേണ്ടി വന്ന സിനിമയാണ് നയന്‍താരയുടെ ‘അന്നപൂരണി’. ഡിസംബര്‍ 1ന് തിയേറ്ററുകളിലെത്തിയ ചിത്രം ഡിസംബര്‍ 29ന് ആയിരുന്നു നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. എന്നാല്‍ സിനിമ വിവാദങ്ങളെ തുടര്‍ന്ന് ചിത്രം ഒ.ടി.ടിയില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു. അന്നപൂരണിയില്‍ ഒരു ക്ഷേത്ര പൂജാരിയുടെ മകളായാണ് നയന്‍താര അഭിനയിച്ചത്. ബിരിയാണി പാകം ചെയ്യുന്നതിന് മുമ്പ് നായിക നിസ്‌കരിക്കുന്ന രംഗം, ശ്രീരാമന്‍ മാംസഭുക്ക് ആണെന്ന് നായകന്‍ പറയുന്ന രംഗം, ലൗ ജിഹാദ് പ്രോല്‍സാഹിപ്പിക്കുന്ന രംഗം എന്നിവയെല്ലാം വിനയാവുകയായിരുന്നു. ഹിന്ദുമതവിശ്വാസത്തെ അവഹേളിക്കുന്നതും ലൗ ജിഹാദ് പ്രോല്‍സാഹിപ്പിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ ശിവസേന നേതാവ് രമേശ് സോളങ്കി മുംബൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നെറ്റ്ഫ്‌ളിക്‌സ് സിനിമ പിന്‍വലിച്ചത്.
തിയേറ്ററില്‍ വന്‍ പരാജയമായി മാറിയ സിനിമയാണ് ‘ആദിപുരുഷ്’. രാമായണം അടിസ്ഥാനമാക്കി ഇറങ്ങിയ സിനിമയ്‌ക്കെതിരെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പേരില്‍ നിരവധി കേസുകള്‍ എത്തിയിരുന്നു. ജോഷി ചിത്രം ‘ആന്റണി’ക്കെതിരെ രംഗത്തെത്തിയത് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയാണ്. ബൈബിളില്‍ തോക്ക് ഒളിപ്പിച്ചതായിരുന്നു ഇവിടെ വിഷയമായത്. ‘പഠാന്‍’ സിനിമയിലെ ‘ബേശരം രംഗ്’ ഗാനവുമായി ബന്ധപ്പെട്ട വിവാദം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ കാവി കളര്‍ ബിക്കിനി അണിഞ്ഞതായിരുന്നു ‘മതവികാരം’ വ്രണപ്പെടാന്‍ ഇടയായത്.
ജയസൂര്യ-നാദിര്‍ഷ ചിത്രത്തിന് ‘ഈശോ’ എന്ന പേര് നല്‍കിയതും വിവാദമായിരുന്നു. സിനിമയുടെ ടാഗ് ലൈന്‍ ‘നോട്ട് ഫ്രം ദ ബൈബിള്‍’ എന്നായിരുന്നു. മതവികാരം വ്രണപ്പെട്ടെങ്കിലും ഈശോ എന്ന പേരില്‍ തന്നെ സിനിമ റിലീസ് ചെയ്തു. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയില്‍ തമിഴ് ബ്രാഹ്‌മണന്‍ ബീഫ് ആവശ്യപ്പെടുന്ന രംഗവും മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന വിവാദം ഉയര്‍ന്നിരുന്നു. പികെ, ഹൈദര്‍, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, ഡാര്‍ലിങ്, ലാല്‍ സിംഗ് ഛദ്ദ, ബ്രഹ്‌മാസ്ത്ര തുടങ്ങി ഒരുപാട് സിനിമകള്‍ക്കെതിരെയും വിവാദങ്ങളും കേസുകളും എത്തിയിട്ടുണ്ട്.