ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വിട്ടുപോയോ? 'മലൈകോട്ടൈ വാലിബന്‍' ടൈറ്റില്‍ പറയുന്നത്..

ഏറെ നാളുകളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന സസ്‌പെന്‍സ് പൊളിച്ചാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കോംമ്പോയില്‍ എത്തുന്ന ‘മലൈകോട്ടൈ വാലിബന്‍’ സിനിമയുടെ പോസ്റ്റര്‍ പുറത്തു വന്നത്. പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്നു എന്നൊരു ഹൈപ്പോടെയാണ് സിനിമ പ്രഖ്യാപിച്ചത് തന്നെ. ആദ്യം ഒരു വീഡിയോയും കുറച്ച് ചിത്രങ്ങളും പുറത്തുവിടുന്നു.. അതിന് ശേഷം പോസ്റ്റര്‍ വരുന്നു. ഇതില്‍ നിന്ന് തന്നെ മനസിലാക്കാം പ്രേക്ഷകരെ പോലെ അണിയറപ്രവര്‍ത്തകരും ഡ്രീം പ്രോജക്ട് ആയി കാണുന്ന സിനിമയാണ് ഇതെന്ന്.

‘മലൈക്കോട്ടൈ വാലിബന്‍’ എന്ന കാത്തിരുന്ന ടൈറ്റില്‍ കളം നിറഞ്ഞു കഴിഞ്ഞു. നാലുപാടും പൊടി പാറുന്നുണ്ട്… വാലിബന്റെ ഗുസ്തി രാത്രി-പകലില്ലാതെ തുടങ്ങുകയാണെന്ന് തോന്നും. ഒരുപാട് പ്രത്യേകതകളുമായാണ് ടൈറ്റില്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ടൈറ്റില്‍ പോസ്റ്ററിലെ ചെറിയ കാര്യങ്ങള്‍ വരെ ചര്‍ച്ചയാക്കുകയാണ് ആരാധകര്‍. ‘കംപ്ലീറ്റ് ആക്ടര്‍’ എന്ന ടൈറ്റില്‍ കാര്‍ഡിന് പകരം ‘മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കുന്ന’ എന്നാണ് മലൈക്കോട്ടൈ വാലിബന്റെ ടൈറ്റില്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്നത്. ഇത് പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്.

May be an image of text

മീശയിലാണ് ടൈറ്റില്‍ മുഴുവന്‍ കൊത്തി വച്ചിരിക്കുന്നത്. ഒരു സിംഹത്തിന്റെ മുന്നിലും അയാള്‍ തോല്‍ക്കുന്നില്ല. അലറുന്ന രണ്ട് സിംഹങ്ങളെ ഇരുവശത്തുമായി കാണാം. പേടിച്ചിരിക്കുന്ന രണ്ട് മുതലകളെയും ടൈറ്റിലില്‍ കാണാം. രണ്ട് കാളവണ്ടികള്‍, ചിത്രശലഭങ്ങള്‍, നക്ഷത്രം, ചന്ദ്രന്‍, മീനുകള്‍ എന്നിങ്ങനെ ഒരുപാട് കാര്യങ്ങളും പോസ്റ്ററിലുണ്ട്. മീശയുടെ രണ്ട് സൈഡും നോക്കിയാല്‍ ചെറിയ വ്യത്യാസം കാണാം. വലത് വശത്ത് പറക്കുന്ന കിളിയും പൂമ്പാറ്റയും ഒക്കെയാണ്. എന്നാല്‍ ഇടത് വശത്താണ് ചന്ദ്രനെയും നക്ഷത്രത്തെയും ഇയാമ്പാറ്റയെയും ഒക്കെ കാണിക്കുന്നത്. രാത്രി പകലുകള്‍ വ്യത്യാസമില്ലാതെ വിജയം നേടിയ നായകനാവണം വാലിബന്‍.

‘മലൈക്കോട്ടൈ വാലിബന്‍’ എന്ന ടൈറ്റില്‍ പോസ്റ്റര്‍ എത്തുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ, അതായത് കഴിഞ്ഞ ഒക്ടോബറില്‍ തന്നെ സിനിമയുടെ പേര് മലൈക്കോട്ടൈ വാലിബന്‍ എന്നായിരിക്കുമെന്നും ചെമ്പോത്ത് സൈമണ്‍ എന്ന ഗുസ്തിക്കാരനായി മോഹന്‍ലാല്‍ വേഷമിടും എന്നുമുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. പുറത്തെത്തിയ വിവരങ്ങളും പോസ്റ്ററും കാണുമ്പോള്‍ തന്നെ അറിയാം, ഗുസ്തിക്കാരന്റെ വേഷത്തില്‍ തന്നെയാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുക.

‘ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത ഫയല്‍വാന്‍’ എന്നറിയപ്പെട്ടിരുന്ന ഒരു ഗുസ്തിക്കാരന്‍ ഉണ്ടായിരുന്നു… ഗ്രേറ്റ് ഗാമ എന്നറിയപ്പെടുന്ന ഗാമ ഫയല്‍വാന്‍- ഗുലാം മുഹമ്മദ്. ഈ ഗാമ ഫയല്‍വാന്റെ ജീവിതമാണോ മോഹന്‍ലാല്‍-ലിജോ കോംമ്പോയില്‍ ഒരുങ്ങുന്നത് എന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. 1878ല്‍ പഞ്ചാബിലെ അമൃത്‌സറില്‍ ജനിച്ച ഗാമ 1910ല്‍ നടന്ന ലോകഗുസ്തി മത്സരത്തില്‍ ലോകചാമ്പ്യന്‍ഷിപ്പ് നേടി. ഗുസ്തി മത്സരരംഗത്ത് 52 വര്‍ഷത്തോളം അജയ്യനായി തന്നെ നിലകൊണ്ട ഗാമ പഞ്ചാബ് സിംഹം എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗുസ്തിക്കാരന്‍ ആയാണ് ഗാമയെ വിശേഷിപ്പിക്കുന്നത്. ഫയല്‍വാന്‍ ഗാമയുടെ ചിത്രവും മലൈക്കോട്ടൈ വാലിബന്റെ ടൈറ്റിലും നോക്കിയാല്‍ സിനിമ ‘ഗ്രേറ്റ് ഫയല്‍വാന്‍ ഗാമ’യില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടതായിരിക്കും എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

Google made doodle of indian wrestler Gama Pehalwan Birthday know great Gama  diet life and achievement | गामा पहलवान का जन्मदिन: ऐसा भारतीय पहलवान जो  कोई कुश्ती नहीं हारा पर लंदन ...

Read more

എന്തായാലും സിനിമയുടെ പേരും പുറത്തുവരുന്ന വിവരങ്ങളും നോക്കിയാല്‍ നല്ലൊരു പടം പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. മോഹന്‍ലാല്‍ എന്ന നടനും താരവും കടന്ന് പോകുന്ന മോശം അവസ്ഥ മലയാളി പ്രേക്ഷകര്‍ക്ക് അറിയാം. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മോഹന്‍ലാല്‍ പറയുന്ന ഓരോ വാക്ക് പോലും കൃത്യമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും കൃത്യമായി പുള്ളി എയറില്‍ കയറുകയും ചെയ്യാറുണ്ട്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് തിയേറ്ററില്‍ നിന്ന് ആര്‍പ്പു വിളിക്കാനും അവരുടെ ഇഷ്ട നടന്റെ നല്ലൊരു പെര്‍ഫോമന്‍സും കാണാനും കുറച്ച് നാളുകളായിട്ട് സാധിച്ചിട്ടില്ല. അങ്ങനെയൊരു അവസ്ഥയില്‍ നിന്നാണ് മലയാളത്തിലെ വേര്‍സറ്റൈല്‍ ഡയറക്ടര്‍ ആയ ലിജോ ജോസ് പെല്ലിശേരി മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്യാന്‍ പോകുന്നത്. എല്‍ജെപി എന്ന സംവിധായകന്‍ നിരാശപ്പെടുത്തില്ലെന്ന് തന്നെ പ്രതീക്ഷിക്കാം.