അര്‍ബുദം ബാധിക്കുന്നത് 24-ാം വയസ്സില്‍, ഇപ്പോള്‍ ജീവിതത്തോട് നൂറുമടങ്ങ് പ്രണയം: മംമ്ത മോഹന്‍ദാസ്

തനിക്ക് അര്‍ബുദം ബാധിക്കുന്നത് 24-ാം വയസ്സിലാണെന്ന് നടി മംമ്ത മോഹന്‍ദാസ്. പല തവണ നഷ്ടപ്പെടുമെന്നു കരുതിയ സാഹചര്യത്തില്‍ നിന്നു തിരിച്ചുപിടിച്ച ജീവിതത്തോട് നൂറു മടങ്ങു പ്രണയമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി സംഘടിപ്പിച്ച ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ചിന്റെ (ഐഎസിആര്‍) വാര്‍ഷിക സമ്മേളനത്തില്‍ അര്‍ബുദത്തെ അതിജീവിച്ച റീജനല്‍ കാന്‍സര്‍ സെന്റര്‍ മുന്‍ അഡീഷനല്‍ ഡയറക്ടര്‍ ഡോ.എന്‍ ശ്രീദേവി അമ്മയ്ക്കും മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.പി കുസുമ കുമാരിക്കുമൊപ്പം വേദി പങ്കിടുകയായിരുന്നു മംമ്ത.

Read more

ഒട്ടേറെ സിനിമാ തിരക്കുകളുണ്ടായിരുന്ന സമയത്താണ് അര്‍ബുദം ബാധിച്ചതെന്നു മംമ്ത പറഞ്ഞു. 11 വര്‍ഷം മുമ്പ്, അപ്പോള്‍ തനിക്ക് 24 വയസ്സായിരുന്നു. അര്‍ബുദം പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാനാകുന്ന പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിനു മുമ്പ് ജീവന്‍ നഷ്ടപ്പെട്ടവരെ കുറിച്ചു പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അര്‍ബുദത്തോടു മല്ലിട്ടു ജീവന്‍ നഷ്ടപ്പെട്ട വ്യക്തികളെ ഓര്‍ക്കുന്നു. ഏതു തരത്തിലുള്ള അര്‍ബുദവും ഭേദമാക്കാവുന്നതാണ്- മംമ്ത പറഞ്ഞു.