അടുത്ത ചിത്രത്തില്‍ അജിത്തിന്റെ നായികയായി മഞ്ജു വാര്യര്‍

തമിഴ് സൂപ്പര്‍ത്താരം തല അജിത് നായകനാകുന്ന പുതിയ ചിത്രത്തില്‍ നായിക മഞ്ജു വാര്യരെന്ന് റിപ്പോര്‍ട്ട്. തല 61 എന്ന് താല്‍ക്കാലികമായി വിളിക്കുന്ന ഈ ചിത്രത്തില്‍ ഒരു നെഗറ്റീവ് കഥാപാത്രമാണ് അജിത് ചെയ്യുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നതാരെന്ന വിവരവും പുറത്തു വന്നിരിക്കുകയാണ്. അധികം വൈകാതെ തന്നെ മഞ്ജു ഈ അജിത് ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നും വാര്‍ത്തകള്‍ പറയുന്നുണ്ട്. അജിത്തിന്റെ മുന്‍ റിലീസായ വലിമൈ ഒരുക്കിയതും എച് വിനോദാണ്. വലിമൈ നിര്‍മ്മിച്ച ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂറാണ് ഈ പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്.

ഈ ചിത്രം ചെയ്യുന്നതിന് മുന്‍പ് ശരീരഭാരം കുറയ്ക്കാന്‍ അജിത് കേരളത്തിലെ പാലക്കാട്, ആയുര്‍വേദ ചികിത്സക്കായി വന്നതും വാര്‍ത്തയായിരുന്നു. ഒരു ബാങ്ക് കൊള്ളയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത് എന്നാണ് സൂചന. കഴിഞ്ഞ മാസം ഹൈദരാബാദ് ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ തന്നെ അജിത് ജോയിന്‍ ചെയ്തിരുന്നു.

Read more

ധനുഷ് നായകനായ വെട്രിമാരന്‍ ചിത്രം അസുരനിലൂടെയാണ് മഞ്ജു വാര്യര്‍ 2019 ഇല്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. മേരി ആവാസ് സുനോ, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ആയിഷ, ഒരു ബോളിവുഡ് ചിത്രമെന്നിവയാണ് ഇനി മഞ്ജു വാര്യരഭിനയിച്ചു റിലീസ് ചെയ്യാനുള്ളത്.