170 ദിവസത്തോളം ഷൂട്ടിങ്, അതിലുമേറെ നീണ്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍! 'ബറോസ്' എവിടെ? അപ്‌ഡേറ്റുമായി അണിയറപ്രവര്‍ത്തകര്‍

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ എന്ന സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കാന്‍ ആരംഭിച്ചിട്ട് നാളുകള്‍ ഏറെയായി. 2019ല്‍ പ്രഖ്യാപിച്ച ചിത്രം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിയേറ്ററുകളില്‍ എത്തിയിട്ടില്ല. നിരവധി തവണ സിനിമയുടെ റിലീസ് തിയതികള്‍ പ്രചരിച്ചെങ്കിലും ചിത്രം ഇപ്പോഴും പോസ്റ്റ് പ്രൊഡക്ഷനിലാണ്.

എന്നാല്‍ ബറോസിന്റെ പുതിയൊരു അപ്‌ഡേറ്റ് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ബറോസിന്റെ ഫൈനല്‍ മിക്‌സിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. സംവിധായകന്‍ പ്രിയദര്‍ശന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ ഫോര്‍ ഫ്രെയിംസിലാണ് ചിത്രത്തിന്റെ ഡോള്‍ബി അറ്റ്‌മോസ് മിക്‌സിംഗ് നടത്തിയത്.

ടികെ രാജീവ് കുമാറാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ബറോസ് ക്രിസ്മസ് റിലീസായി ഡിസംബര്‍ 19ന് തിയേറ്ററില് എത്തുമൊണ് പുതിയ റിപ്പോര്‍ട്ടുകള്‍. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസിന്റെ ഒഫീഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു.

170 ദിവസത്തോളം ചിത്രീകരണം നടന്നിരുന്നു. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം, സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.