നയൻതാരയ്ക്ക് പകരം തമന്ന? മൂക്കുത്തി അമ്മൻ 2ന്റെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ട്

നയൻതാരയുടെതായി അണിയറയിൽ ഒരുങ്ങുന്ന വലിയ പ്രോജക്ടുകളിൽ ഒന്നാണ് ‘മൂക്കുത്തി അമ്മൻ 2’. സുന്ദർ സിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മൂക്കുത്തി അമ്മൻ എന്ന ദേവി ആയാണ് നയൻതാര വേഷമിടുന്നത്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്ത മൂക്കുത്തി അമ്മന്റെ രണ്ടാം ഭാഗമായാണ് സിനിമ എത്തുന്നത്.

വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ കോസ്റ്റ്യൂമിനെച്ചൊല്ലി നയൻതാരയും ഒരു അസിസ്റ്റന്റ് ഡയറക്ടറും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായെന്നും നയൻ‌താര ഇയാളെ ശകാരിച്ചതായുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നിർമ്മാണം അടുത്തിടെ ഒരു വിവാദത്തിൽ അകപ്പെട്ടിരുന്നു. ഇതോടെ സുന്ദർ സി സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു. മാത്രമല്ല നയൻതാരയെ മാറ്റി തമന്നയെ കൊണ്ടുവരുന്നതിന് ആലോചിച്ചതായും അഭ്യൂഹങ്ങൾ എത്തിയിരുന്നു.

അതേസമയം, നയൻതാരയുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചതായി നിർമ്മാതാവ് ഇഷാരി ഗണേഷിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് പൊള്ളാച്ചിയിലെ ഷൂട്ടിംഗ് റദ്ദാക്കുകയും ചെന്നൈയിലെ ആലപ്പാക്കത്തുള്ള പൊന്നിയമ്മൻ ക്ഷേത്രത്തിൽ ഷൂട്ടിംഗ് പുനരാരംഭിച്ചു എന്നും റിപ്പോർട്ടുകളുണ്ട്.

2020ൽ ആണ് മൂക്കുത്തി അമ്മൻ എന്ന ആദ്യ ഭാഗം റിലീസ് ചെയ്തത്. എന്നാൽ ചിത്രം വലിയ വിജയമായിരുന്നില്ല. എങ്കിലും ശ്രദ്ധ നേടിയിരുന്നു. ആർജെ ബാലാജിയും എൻജെ ശരവണനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. ആർജെ ബാലാജി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും.

ഉർവശി, സ്മൃതി വെങ്കട്ട്, മധു മൈലാങ്കൊടി, അബി നക്ഷത്ര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ജീവിതം മുമ്പോട്ട് കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നിൽ മൂക്കുത്തി അമ്മൻ പ്രത്യക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറഞ്ഞത്. ഈ സിനിമയുടെ ഷൂട്ടിന് മുമ്പും നയൻതാര വ്രതം എടുത്തിരുന്നു.