സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു

സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. മഞ്ഞപിത്തം ബാധിച്ച് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നടി അഹാന കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘നാന്‍സി റാണി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് മനു ജെയിംസ്.

ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് സംവിധായകന്റെ മരണമെന്ന് നാന്‍സി റാണിയുടെ നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 31കാരനായ മനു കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്.

മൃതദേഹം നാളെ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ഥാടന പളള്ളിയില്‍ സംസ്‌കരിക്കും. നയനയാണ് ഭാര്യ. രണ്ട് വര്‍ഷം മുമ്പാണ് മനു സംവിധായകനായ നാന്‍സി റാണിയുടെ ചിത്രം പ്രഖ്യാപിക്കുന്നത്.

അടുത്തിടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അന്തിമ ഘട്ടത്തില്‍ എത്തിയിരുന്നു. 2004ല്‍ ‘ഐ ആം ക്യുരിയസ്’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയം തുടങ്ങിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.