ഇവിടെ മമ്മൂട്ടിയെ തഴഞ്ഞെന്ന് പരാതി, തെലുങ്കില്‍ ദുല്‍ഖറിനെ തഴഞ്ഞതിനെതിരെ പ്രതിഷേധം; ചര്‍ച്ചയാകുന്നു

സംസ്ഥാന അവാര്‍ഡില്‍ മമ്മൂട്ടിയെ തഴഞ്ഞതു പോലെ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ദുല്‍ഖര്‍ സല്‍മാനെ തഴഞ്ഞതായി ആരാധകര്‍. മമ്മൂട്ടി-ദുല്‍ഖര്‍ ഫാന്‍സിന്റെ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാര്‍ഡ് നിഖില്‍ സിദ്ധാര്‍ഥയുടെ ‘കാര്‍ത്തികേയ 2’വിനാണ് ലഭിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍-മൃണാള്‍ താക്കൂര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ സീതാരാമം എന്ന തെലുങ്ക് ചിത്രം വന്‍ ഹിറ്റായിരുന്നു. സീതാരാമത്തിന് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ലഭിക്കും എന്നാണ് നേരത്തെ തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ കാര്‍ത്തികേയ 2വിനാണ് പുരസ്‌കാരം ലഭിച്ചത്.

സീതാരാമത്തിന് അവാര്‍ഡ് ലഭിക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം നടക്കുകയാണിപ്പോള്‍. ദുല്‍ഖര്‍ നായകനായ ചിത്രത്തെ അവഗണിച്ചത് മാത്രമല്ല. നിത്യ മേനോനെക്കാള്‍ ദേശീയ അവാര്‍ഡ് അര്‍ഹിക്കുന്ന അഭിനയം മൃണാല്‍ താക്കൂറിന്റെതായിരുന്നു എന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളും വരുന്നുണ്ട്.

ദേശീയതലത്തില്‍ തന്നെ അംഗീകരിക്കേണ്ട ചിത്രമാണ് സീതരാമം അതിന് തെലുങ്കിലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കാത്തത് പോലും മോശമായി എന്നാണ് പലരും പറയുന്നത്. അതേസമയം ദേശീയ അവാര്‍ഡുകളും സംസ്ഥാന അവാര്‍ഡും ഒന്നിച്ച് ഇന്നലെ പ്രഖ്യാപിച്ചത് മുതല്‍ മമ്മൂട്ടിയെ മികച്ച നടനായി പരിഗണിച്ചില്ലെന്ന പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

എന്നാല്‍ ദേശീയ അവാര്‍ഡിന് മമ്മൂട്ടി ചിത്രം അയച്ചില്ല എന്നാണ് സംവിധായകനും ദേശീയ അവാര്‍ഡ് ജൂറി അംഗവുമായ എംബി പദ്മകുമാര്‍ വ്യക്തമാക്കിയത്. നന്‍പകല്‍ നേരത്ത് മയക്കം പോയിട്ട് മമ്മൂട്ടിയുടെ ഒരു സിനിമ പോലും മത്സര രംഗത്ത് ഉണ്ടായിരുന്നില്ല എന്നാണ് എംബി പദ്മകുമാര്‍ പറഞ്ഞത്.