നഷ്ടങ്ങള്‍ക്ക് പകരമല്ല ഒന്നും.. വയനാടിനെ ചേര്‍ത്തുപിടിച്ച് താരങ്ങള്‍; ദുരിതാശ്വാസനിധിയിലേക്ക് കോടികള്‍

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി കൂടുതല്‍ താരങ്ങള്‍. നയന്‍താരയും വിഘ്‌നേശ് ശിവനും ചേര്‍ന്ന് 20 ലക്ഷം രൂപയാണ് ധനസഹായം നല്‍കിയത്. ‘വയനാട്ടിലെ നഷ്ടങ്ങള്‍ക്ക് പകരമാവില്ല ഒന്നും. എങ്കിലും ഈ ഇരുണ്ട സമയത്ത് ചെറിയൊരു കൈത്താങ്ങ് ആകട്ടെ’ എന്ന കുറിപ്പോടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്.

പുനരധിവാസത്തിനും മനസുകള്‍ക്കേറ്റ മുറിവുണക്കാനും ഒരുമിച്ചു നില്‍ക്കാമെന്ന സ്‌നേഹാശ്വാസ വചനങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. നടന്‍ ടൊവിനോ തോമസ് 25 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. വയനാട്ടിലേക്ക് സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും താരം അയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

വയനാടിന് സഹായഹസ്തവുമായി ഗായിക റിമി ടോമിയും രംഗത്തെത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയാണ് റിമി ടോമി സഹായധനമായി നല്‍കിയത്. ”നമ്മുടെ ഇടയില്‍ നിന്ന് വിട പറഞ്ഞ സഹോദരങ്ങള്‍ക് ആദരാഞ്ജലികള്‍.. അവര്‍ക്കു വേണ്ടി രാപകലില്ലാതെ കഷ്ടപെടണ എല്ലാ രക്ഷാപ്രവര്‍ത്തകര്‍ക്കും നന്ദി. ഇനി ഇത്പോലെ ഒരു ദുരന്തം ഉണ്ടാവല്ലേന്നു പ്രാര്‍ത്ഥിക്കുന്നു..”

”ദുരിതബാധിതര്‍ക് എത്രയും പെട്ടന്ന് ഇതില്‍ നിന്നു അതിജീവിക്കാനും പറ്റട്ടെ” എന്നാണ് റിമി ടോമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് മഞ്ജു വാര്യരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. നടി നവ്യാ നായര്‍ ഒരു ലക്ഷം രൂപയും നല്‍കി.

സൂര്യ, ജ്യോതിക, കാര്‍ത്തി, വിക്രം, കമല്‍ ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, നയന്‍താര, ടൊവിനോ, ഫഹദ് ഫാസില്‍, നസ്രിയ, പേളി മാണി, ശ്രീനിഷ് തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു.

Read more