'നീലവെളിച്ചം' റിലീസ് പ്രഖ്യാപിച്ചു

ആഷിഖ് അബുവിന്റെ സംവിധാനത്തിലൊരുങ്ങിയ നീലവെളിച്ചം എന്ന പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 21-നാണ് തിയേറ്ററുകളിലെത്തുന്നത്. ടൊവിനോ തോമസ് ആണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘നീലവെളിച്ചം’. ഭാര്‍ഗവീനിലയം എന്നറിയപ്പെടുന്ന പ്രേതബാധയുള്ള ഒരു വീട്ടില്‍ ഒരു യുവ കഥാകൃത്ത് താമസിക്കാന്‍ വരുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.

1964-ല്‍ ഭാര്‍ഗവീനിലയം എന്ന പേരില്‍ ഈ കഥ സിനിമയാക്കപ്പെട്ടിരുന്നു. ഭാര്‍ഗവീനിലയത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, പി ജെ ആന്റണി എന്നിവര്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളെയാണ് യഥാക്രമം ടൊവിനോ, റോഷന്‍ മാത്യു, റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം കുതിരവട്ടം പപ്പു ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ഭാര്‍ഗവിനിലയം.

Read more

ഒപിഎം സിനിമാസാണ് ‘നീലവെളിച്ച’ത്തിന്റെ നിര്‍മ്മാണം. മികച്ച ടെക്‌നിക്കല്‍ ടീമാണ് ‘നീലവെളിച്ച’ത്തിന് പിന്നിലുള്ളത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്ന് നിര്‍വഹിക്കുന്നു. വി സാജനാണ് ചിത്രസംയോജനം. സമീറ സനീഷ് വസ്ത്രാലങ്കാരവും, റോണെക്‌സ് സേവിയര്‍ മേക്കപ്പും കൈകാര്യം ചെയ്യുന്നു. കലാസംവിധാനം ജ്യോതിഷ് ശങ്കര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍.