ഏറെ പ്രതീക്ഷകളോടെയാണ് ജോക്കറിന്റെ രണ്ടാം ഭാഗം (‘ജോക്കർ: ഫോളി എ ഡ്യൂക്‌സ്’) തിയേറ്ററുകളിൽ എത്തിയത്. റിലീസിന് പിന്നാലെ വ്യാപക നെഗറ്റീവ് റിപ്പോർട്ടുകൾ എത്തിയതോടെ ചിത്രത്തിന്റെ റേറ്റിങ് കുത്തനെ കുറഞ്ഞിരിക്കുകയാണ്. മുൻപ് കുറഞ്ഞ റേറ്റിംഗ് രേഖപ്പെടുത്തിയ ജസ്റ്റിസ് ലീഗിനെക്കാളും കുറഞ്ഞ റേറ്റിങ്ങാണ് റോട്ടൻ ടൊമാറ്റോസിൽ ജോക്കർ: ഫോളി എ ഡ്യൂക്‌സിനുള്ളത്.
സിനിമകളുടെ നിലവാരവും ബോക്‌സോഫീസ് പ്രകടനവും മുൻനിർത്തി പ്രേക്ഷകരുടെ അഭിപ്രായങ്ങളും വിലയിരുത്തി സിനിമകളുടെ റേറ്റിങ് നിശ്ചയിക്കുന്ന വെബ് സൈറ്റാണ് റോട്ടൻ ടൊമാറ്റോ. ഇവരുടെ പുതിയ ഡാറ്റപ്രകാരം 39 ശതമാനം മാത്രമാണ് നിലവിൽ ചിത്രത്തിന്റെ റേറ്റിങ്. ആഴ്ചയവസാനം എത്തുമ്പോൾ ചിത്രത്തിന്റെ റേറ്റിങ് ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ജോക്വിൻ ഫീനിക്‌സും ലേഡി ഗാഗയും അഭിനയിച്ച ‘ജോക്കർ: ഫോളി എ ഡ്യൂക്‌സ്’ ഒക്ടോബർ 2 നാണ് ഇന്ത്യയിൽ റിലീസ് ചെയ്തത്. നായക കഥാപാത്രമായ ആർതറിന്റെ കാമുകി ഹാർലി ക്വിൻ ആയിട്ടാണ് ലേഡി ഗാഗ എത്തുന്നത്. മുൻ വർഷങ്ങളിൽ ഏറെ പ്രതിക്ഷകളോടെ എത്തുകയും മോശം അഭിപ്രായം നേടുകയും ചെയ്ത ഡിസിയുടെ ജസ്റ്റിസ് ലീഗിനെക്കാളും താഴെയാണ് നിലവിൽ ‘ജോക്കർ: ഫോളി എ ഡ്യൂക്‌സ്’ ന്റെ റേറ്റിങ്. 40 ശതമാനമായിരുന്നു ജസ്റ്റിസ് ലീഗിന്റെ റേറ്റിങ്. ഇതോടെ ഡിസി ചിത്രങ്ങളിൽ റേറ്റിങ് ഏറ്റവും കുറഞ്ഞ ചിത്രങ്ങളുടെ പട്ടികയിൽ ജോക്കർ: ഫോളി എ ഡ്യൂക്‌സ് ഇടം പിടിച്ചു.