തിയേറ്ററുകളിൽ കാണാൻ സാധിക്കാതെ പോയ നിരവധി സിനിമകൾ ആളുകൾ ഇന്ന് ഒടിടി പ്ലാറ്റ്ഫോം വഴിയാണ് കാണുന്നത്. തിയേറ്ററുകളിൽ പോവാതെ തന്നെ ഒടിടിയിൽ റിലീസ് ആവാൻ വേണ്ടി മാത്രം കാത്തിരിക്കുന്ന പ്രേക്ഷകരും നിരവധിയാണ്.
തിയേറ്റർ വേർഷൻ അല്ലാതെ എക്സ്റ്റെന്‍ഡഡ് വേർഷനായാണ് പല സിനിമകളും ഇന്ന് ഒടിടിയിൽ വരുന്നത്. സെൻസർ ബോർഡ് കട്ട് ചെയ്തതും തിയേറ്ററിൽ പ്രദർശിപ്പിക്കാൻ സാധിക്കാത്തതുമായ രംഗങ്ങൾ ഇത്തരത്തിൽ ഒടിടി പ്ലാറ്റ്ഫോം വഴി പ്രേക്ഷകർ കണ്ടിരുന്നു.
എന്നാൽ ഇപ്പോഴിതാ അത്തരം കാര്യങ്ങൾക്ക് തടയിടാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. പുതിയ ബില്ല് പാസാകുന്നതോടു കൂടി ഉള്ളടക്കത്തിൽ അശ്ലീലവും അക്രമവും ഉൾക്കൊള്ളുന്ന സീനുകൾക്ക് നിയന്ത്രണം വരും. കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലേയ്ക്ക് ഒടിടി പ്ലാറ്റ്ഫോമുകളെ പൂർണമായി കൊണ്ടുവരാൻ ഉദ്ദേശിച്ച് കൊണ്ടുള്ള ഈ കരട് ബില്ല് നിലവിലുള്ള കേബിൾ ടെലിവിഷൻ നെറ്റ്വർക്ക്സ് (റെഗുലേഷൻ) നിയമത്തിന് പകരമായാണ് തയാറാക്കിയത്.
ഇത്തരമൊരു ബില്ല് പാസാകുന്നതോട് കൂടി ഒടിടി, ഓൺലൈൻ, വാർത്താ മാധ്യമങ്ങൾക്ക് മേൽ ശക്തമായ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് കഴിയും. ഇതിനായി സാമൂഹിക മേഖലയിൽ നിന്നുള പ്രമുഖരെ ഉൾപ്പെടുത്തി ഉള്ളടക്ക പരിശോധന സമിതികൾ രൂപീകരിക്കും. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും ഒടിടി പ്ലാറ്റ് ഫോമുകൾക്ക് ഇത്തരം നിയന്ത്രണം നിലവിൽ ഉണ്ടായിരുന്നില്ല.
Read more
നിരവധി വിമർശനങ്ങളും വിയോജിപ്പുകളുമാണ് സിനിമ- സാംസ്കാരിക മേഖലയിൽ നിന്നും കേന്ദ്ര സർക്കാരിന്റെ ഇത്തരമൊരു നീക്കത്തിനെതിരെ ഉയർന്നുവരുന്നത്.