പ്രൈമിലെ സൂഫിയില്‍ നിന്ന് ഹോട്ട് സ്റ്റാറിലെ ലളിതം സുന്ദരം വരെ; ഒ.ടി.ടി വിപ്ലവവും മാറുന്ന മലയാള സിനിമയും

ആതിര സതീഷ്

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മുന്നിലേക്ക് പഴയതും പുതിയതുമായ വമ്പന്‍ ചലച്ചിത്രശേഖരം ഒരുക്കി കടന്നു വന്ന ഒടിടി (ഓവര്‍ ദി ടോപ്പ്) പ്ലാറ്റ്ഫോമുകള്‍ ഒരു വലിയ സിനിമ വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ഇന്റര്‍നെറ്റ് വഴി ആളുകളിലേക്ക് സിനിമകളും വെബ് സീരീസുകളും ടിവി ഷോകളുമടക്കം വ്യത്യസ്തങ്ങളായ കണ്ടന്റുകള്‍ എത്തിക്കുന്ന ഒടിടി സേവനങ്ങള്‍ സ്വന്തം വീട്ടിലിരുന്നും റിലീസ് ദിവസം തന്നെ ചിത്രങ്ങള്‍ കാണുന്നതിനുള്ള അവസരമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ലോക്ക്ഡൗണ്‍ സമയത്താണ് ഇത്തരത്തില്‍ ഒടിടി യിലൂടെ ആദ്യ മലയാള ചിത്രം ‘സൂഫിയും സുജാതയും’ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയത്. 2020 ജൂലൈയില്‍ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. പിന്നീടിങ്ങോട്ട് കോവിഡ് സമയത്ത് ലോക്കായി കിടന്ന മനസ്സുകളിലേക്ക് തിയറ്റര്‍ അനുഭവത്തിന്റെ പകുതി എങ്കിലും നല്‍കുക എന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് നിരവധി ചിത്രങ്ങളാണ് നെറ്റ്ഫ്ളിക്സും, ആമസോണ്‍ പ്രൈമും, സോണി ലിവും, നീസ്ട്രീമും അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകര്‍ക്കിടയിലേക്ക് കടന്നു വന്നത്.

ജിയോ ബേബിയുടെ സംവിധാനത്തില്‍ ഇറങ്ങിയ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ വീട്ടമ്മമാര്‍ക്കിടയിലും സമൂഹമാധ്യമങ്ങള്‍ക്കിടയിലും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. നീസ്ട്രീമിലാണ് ചിത്രം റിലീസ് ചെയ്തത്. മഹേഷ് നാരായണന്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഇറക്കിയ പരീക്ഷണ ചിത്രം ‘സി യു സൂണ്‍’ ലോക്ക്ഡൗണ്‍ ജീവിതത്തിനു സമാനമായ രീതിയില്‍ പൂര്‍ണ്ണമായും മൊബൈല്‍ ഫോണും ലാപ്ടോപ്പും മുഖേനയുള്ള വീഡിയോ കോണ്‍ഫറന്‍സിങ് സ്‌ക്രീനുകളിലൂടെയും ചാറ്റിലുമായാണ് കഥ പറഞ്ഞത്. ലോക്ക്ഡൗണ്‍ സമയത്തെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ചിത്രീകരിച്ച ചിത്രം സിനിമയെ ഇരുട്ടു മുറിയില്‍ അടച്ചിടാനാവില്ല എന്നതിന്റെ തെളിവായിരുന്നു.

2021 ല്‍ ഇറങ്ങിയ സനു വര്‍ഗീസ് ചിത്രം ‘ആര്‍ക്കറിയാം’ ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കിടയില്‍ തിയറ്ററിലാണ് റിലീസ് ചെയ്തതെങ്കിലും ഉടനെ തന്നെ പ്രേക്ഷകരെ തേടി ഒടിടിയിലേക്കെത്തി. കോവിഡ് കാഥാന്തരീക്ഷമാക്കി തയ്യാറാക്കിയ ചിത്രം ആറു പ്ലാറ്റഫോമുകളിലായി ഒരുമിച്ചാണ് ഒടിടി റിലീസ് നടത്തിയത്. ബിജു മേനോന്‍ 60 കാരനായ ഇട്ടിയവിരയായി എത്തിയ ചിത്രം പ്രേക്ഷകശ്രദ്ധ നേടിയതും നീസ്ട്രീമടക്കമുള്ള പ്രാദേശിക ഒടിടികളിലൂടെയാണ്. അനാവശ്യമായ ബഹളങ്ങളോ ഡ്രാമയോ കടന്നു വരാതെ ഏറ്റവും റിയലിസ്റ്റിക്കായി ഒരു സാധാരണ കുടുംബത്തെ പറ്റി പറഞ്ഞ ചിത്രമായിരുന്നു ‘ആര്‍ക്കറിയാം’. ഇത്തരത്തില്‍ നാടകീയതയുടെ അകമ്പടിയില്ലാതെ ഏറ്റവും മനോഹരമായ രീതിയില്‍ അണിയിച്ചൊരുക്കുന്ന നിരവധി ചിത്രങ്ങളാണ് മലയാള സിനിമ ലോകം ഒടിടി യിലൂടെ കണ്ടത്. ദിലീഷ് പോത്തന്‍- ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ‘ജോജി’, ടോവിനോ തോമസ് നായകനായി എത്തിയ ‘കാണെക്കാണെ’, പുതുമുഖങ്ങളെ അണിനിരത്തി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച്ച നിശ്ചയം’, ജോജു ജോര്‍ജിനെ കേന്ദ്ര കാഥാപാത്രമാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ‘മധുരം’, ഷെയ്ന്‍ നിഗത്തിന്റേയും രേവതിയുടേതുമായി എത്തിയ രാഹുല്‍ സദാശിവന്‍ ചിത്രം ‘ഭൂതകാലം’, ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ഇറങ്ങിയ മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ ‘മിന്നല്‍ മുരളി’ എന്നിങ്ങനെയുള്ള ഒട്ടേറെ ചിത്രങ്ങളാണ് മലയാള സിനിമയെ ലോകമെമ്പാടുമുള്ള സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരമാക്കിയത്.

‘മിന്നല്‍ മുരളി’ ക്കായി നെറ്റഫ്ളിക്സിലൂടെ നടന്ന പ്രൊമോഷന്‍ വര്‍ക്കുകള്‍ മലയാള സിനിമയ്ക്കു കിട്ടാവുന്ന വലിയ അംഗീകാരം തന്നെയാണ്. സമീപകാലത്ത് ഒരു ഇന്ത്യന്‍ റിലീസിനും നല്‍കാത്ത പ്രീ-റിലീസ് പ്രൊമോഷനാണ് ചിത്രത്തിന് നെറ്റ്ഫ്ളിക്സ് നല്‍കിയത്. ക്രിക്കറ്റ് താരം യുവരാജ് സിങും മുന്‍ റസ്ലിംങ് താരം ‘ദി ഗ്രേറ്റ് ഖാലി’ യുമൊക്കെ എത്തിയതോടെ മുഴുവന്‍ സിനിമ പ്രേമികളും ഉറ്റു നോക്കിയ റിലീസായിരുന്നു ‘മിന്നല്‍ മുരളി’ യുടേത്. കൂടാതെ ഇന്ദ്രന്‍സ് നായകനായി എത്തിയ ‘ഹോം’, വലിയ ഇടവേളയ്ക്കു ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിച്ചെത്തി ഏറെ ശ്രദ്ധ നേടിയ ‘ലളിതം സുന്ദരം’, ജിയോ ബേബിയുടെ ‘ഫ്രീഡം ഫൈറ്റ്’, ‘കുറുപ്പ്’ എന്ന വമ്പന്‍ തിയറ്റര്‍ റിലീസിനു ശേഷം ദുല്‍ഖറിന്റേതായി എത്തിയ ‘സല്യൂട്ട്’ എന്നിങ്ങനെ ഭൂരിഭാഗം ചിത്രങ്ങളും ഒടിടി തെരഞ്ഞെടുക്കുന്നതും ഇത്തരം പ്ലാറ്റ്ഫോമുകളുടെ സ്വീകാര്യതയാണ് വ്യകത്മാക്കുന്നത്. എന്നിരുന്നാലും ടോറന്റ് പോലുള്ള സൈറ്റുകളിലൂടെ ഒടിടി ചിത്രങ്ങള്‍ വളരെ വേഗത്തില്‍ ആളുകള്‍ക്കിടയില്‍ വ്യാപിക്കുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

Read more

വമ്പന്‍മാരായ നെറ്റ്ഫ്ളിക്സിനും ആമസോണ്‍ പ്രൈമിനും ഒപ്പം പ്രാദേശിക ഒടിടി കള്‍ കളം പിടിച്ചതോടെ ലോ-ബഡ്ജറ്റ് ചിത്രങ്ങള്‍ക്കും വലിയ അവസരമാണ് ലഭിച്ചത്. മലയാള സിനിമ ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി എന്നിങ്ങനെ വിവിധ ഭാഷകളിലായി കാണാനുള്ള അവസരവും ഒടിടി പ്ലാറ്റഫോമുകള്‍ നല്‍കാന്‍ തുടങ്ങിയതോടെ ചിത്രങ്ങള്‍ അതിരുകള്‍ കടന്ന് ലോകത്താകമാനമുള്ള ആളുകളിലേക്കാണ് എത്തിയത്. ചെറിയ ബഡ്ജറ്റ് ചിത്രങ്ങള്‍ക്കടക്കം അന്യ ഭാഷക്കാരായ സിനിമാ പ്രേമികളെ കിട്ടിയത് വലിയ വിപ്ലവം തന്നെയാണ്. അന്യഭാഷാ വ്ളോഗര്‍മാര്‍ വരെ മലയാള സിനിമകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതും ട്രെയ്ലര്‍ റിയാകഷനുകളും മൂവി റിവ്യൂകളും നടത്തുന്നത് 100 ദിവസം തികച്ച് തിയറ്ററുകളില്‍ ഓടിയാലും കിട്ടാതത്ര ആസ്വാദകരെ ആണ് ചിത്രങ്ങള്‍ക്ക് സമ്മാനിക്കുന്നത്.