ഒറ്റക്കൊമ്പന് വിലങ്ങിട്ട് സുപ്രീം കോടതി; ഹര്‍ജി തള്ളി

ഒറ്റക്കൊമ്പന്‍’ സിനിമ വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി സുപ്രീം കോടതി തള്ളി. തിരക്കഥാകൃത്ത് ജിനു എബ്രഹാം നല്‍കിയ പകര്‍പ്പവകാശ കേസിനെതിരെ ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് ഒറ്റക്കൊമ്പന്‍ ടീം കൊടുത്ത ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

‘ഒറ്റക്കൊമ്പന്‍’ തന്റെ തിരക്കഥയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ആരോപിച്ച് തിരക്കഥാകൃത്ത് ജിനു ഫയല്‍ ചെയ്ത പകര്‍പ്പവകാശ കേസിന്റെ നിലവിലത്തെ സാഹചര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് സുപ്രീം കോടതി തീരുമാനിക്കുകയും വിചാരണ വേഗത്തിലാക്കാന്‍ വിചാരണക്കോടതിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. കേസ് ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു.

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജിനെ നായകനാക്കി ‘കടുവ; എന്ന സിനിമയാണ് ആദ്യം പ്രഖ്യാപിച്ചത്. ജിനു എബ്രഹാം ആയിരുന്നു തിരക്കഥ. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. അതിനു ശേഷമാണ് സുരേഷ് ഗോപിയുടെ 250 ാം ചിത്രമായി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പന്‍’ പ്രഖ്യാപിച്ചത്. ഷിബിന്‍ തോമസ് കഥയും തിരക്കഥയുമെഴുതിയ ചിത്രത്തിന്റെ നിര്‍മാണം ടോമിച്ചന്‍ മുളകുപാടമാണ്. അതിന്റെ മോഷന്‍ ടീസറും റിലീസ് ചെയ്തു. രണ്ടു ചിത്രങ്ങളിലെയും നായകകഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നായിരുന്നു. അതിനെത്തുടര്‍ന്നാണ് പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് ജിനു എബ്രഹാം കേസ് കൊടുത്തത്.

അതേസമയം, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജ് ഒരു പ്ലാന്ററായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം 2022 മേയിലോ ജൂണിലോ തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.