ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’യുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. അക്വിബ് ഫനാന്‍ എന്ന യുവാവിനെയാണ് ആലുവയില്‍ നിന്നും കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇയാള്‍ സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചത്. പ്രൈവറ്റ് സന്ദേശം അയച്ചാല്‍ സിനിമയുടെ ലിങ്ക് അയച്ചു കൊടുക്കുമെന്നായിരുന്നു ഇയാള്‍ പോസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ റീച്ച് കൂട്ടാനായാണ് തന്റെ പക്കലുള്ള ലിങ്ക് ഇയാള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഇത് തിയേറ്ററില്‍ പോയിരുന്ന് ചിത്രീകരിച്ചതല്ലെന്നും മറ്റൊരാളില്‍ നിന്നും അയച്ചു കിട്ടിയതാണെന്നും പ്രതി മൊഴി നല്‍കി. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ വ്യാജ പതിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുവെന്ന പരാതിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദ് പൊലീസിനെ സമീപിച്ചത്.
അതേസമയം, ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് മാര്‍ക്കോ നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണമായ വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാര്‍ക്കോ’ 5 ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്
സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍: സപ്ത റെക്കോര്‍ഡ്‌സ്, ഓഡിയോഗ്രഫി: രാജകൃഷ്ണന്‍ എം ആര്‍, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍.