സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

റെക്കോര്‍ഡ് കളക്ഷനാണ് അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’ ബോക്‌സ് ഓഫീസില്‍ നിന്നും നേടുന്നത്. ആദ്യം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ചിത്രം 1500 കടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. ഇതോടെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി പുഷ്പ 2 മാറിക്കഴിഞ്ഞു. പുഷ്പ 2വിന്റെ വന്‍ വിജയത്തിന് പിന്നാലെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുകുമാര്‍.

രാംചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചര്‍ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിലാണ് സുകുമാര്‍ സംസാരിച്ചത്. ചടങ്ങിനിടെ ഏത് കാര്യത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് താങ്കള്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തോടാണ് സുകുമാര്‍ പ്രതികരിച്ചത്. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് സുകുമാര്‍ പ്രതികരിച്ചത്.

സംവിധായകന്റെ അരികിലിരുന്ന നടന്‍ രാം ചരണ്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്ത എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു സുകുമാറിന്റെ പ്രതികരണം. രാം ചരണ്‍ സുകുമാറില്‍ നിന്ന് മൈക്ക് വാങ്ങി, നിങ്ങള്‍ ഒരിക്കലും സിനിമ ഉപേക്ഷിക്കരുതെന്ന് പറഞ്ഞു. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

നിരവധി പേരാണ് സുകുമാറിന്റെ വാക്കുകളില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത്. തെലുങ്ക് സിനിമ നിങ്ങളെ മറക്കില്ലെന്നും മികച്ച സിനിമകള്‍ ചെയ്യാനാണ് നിങ്ങള്‍ ഇവിടെയുള്ളതെന്നും പ്രതികരണങ്ങള്‍ വന്നു. പുഷ്പ-3 ചെയ്യുന്നതിന് മുമ്പ് സിനിമ വിട്ടുപോകരുതെന്നും പലരും അഭ്യര്‍ത്ഥിച്ചു കൊണ്ട് കമന്റുകള്‍ ഇടുന്നുണ്ട്.

അതേസമയം, ഹൈദരാബാദില്‍ യുവതിയുടെ മരണത്തിനിടയാക്കിയ പുഷ്പ 2 പ്രീമിയര്‍ ദുരന്തം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കവെയാണ് സുകുമാറിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. ഡിസംബര്‍ 4ന് അല്ലു അര്‍ജുന്‍ പുഷ്പ 2 പ്രീമിയര്‍ നടന്ന ഹൈദരബാദ് സന്ധ്യ തിയേറ്ററില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത്.