രാജേഷ് മാധവനും ദീപ്തിയും വിവാഹിതരായി

നടനും സംവിധായകനുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസോസിയേറ്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു രാജേഷിന്റെയും ദീപ്തിയുടെയും വിവാഹം.

‘ന്നാ താന്‍ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ദീപ്തി കാരാട്ട്. ഈ ചിത്രത്തിലൂടെയാണ് രാജേഷ് ശ്രദ്ധ നേടിയത്. അസോസിയേറ്റ് ഡയറക്ടര്‍ക്ക് പുറമെ ആര്‍ട്ടിസ്റ്റും പ്രൊഡക്ഷന്‍ ഡിസൈനറും കൂടിയാണ് ദീപ്തി.

ഈ വര്‍ഷം ജനുവരി 24ന് ആണ് ദീപ്തിയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് രാജേഷ് വിവാഹിതനാകാന്‍ പോകുന്ന കാര്യം അറിയിച്ചത്. കാസര്‍കോട് സ്വദേശിയാണ് രാജേഷ് മാധവന്‍. ടെലിവിഷന്‍ പരിപാടികളിലൂടെ വെള്ളിത്തിരയില്‍ എത്തിയ രാജേഷ്, അസ്തമയം വരെ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായാണ് രാജേഷ് തുടക്കം കുറിച്ചത്.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. ഏറെ ശ്രദ്ധനേടിയ ‘തിങ്കളാഴ്ച നിശ്ചയ’ത്തിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയാണ് രാജേഷ്. ‘പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ആകാന്‍ ഒരുങ്ങുകയാണ് രാജേഷ്.