രജനികാന്തിന്റെ വിവാദ ചിത്രം, 20 വര്‍ഷത്തിനു ശേഷം തിയേറ്ററുകളിലേക്ക്!

രജനികാന്തിന്റെ വിവാദ ചിത്രം 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക്. ‘ബാബ’ എന്ന ചിത്രമാണ് വീണ്ടും റിലീസിന് ഒരുങ്ങുന്നത്. സൂപ്പര്‍നാച്ചുറല്‍ ത്രില്ലറായി എത്തിയ ചിത്രത്തിന്റെ റീമാസ്റ്റേര്‍ഡ് പതിപ്പാണ് തിയേറ്ററുകളില്‍ എത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമെന്ന് വിലയിരുത്തപ്പെടുന്ന ചിത്രമാണ് ബാബ. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ ചിത്രം നിര്‍മ്മിച്ചത് രജനികാന്ത് തന്നെയാണ്. അന്ന് ബാബ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു.

Watch Baba | Prime Video

ഏതെങ്കിലും രാഷ്ട്രീയ ക്യാമ്പെയിന്റെ ഭാഗമാണോ ചിത്രം എന്ന് വരെ അക്കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പുകവലിച്ചു കൊണ്ട് നില്‍ക്കുന്ന നായകന്റെ പോസ്റ്ററുകള്‍ യുവാക്കളെ വഴിതെറ്റിക്കുന്നതായും വിമര്‍ശനമുയര്‍ന്നു. ചിത്രം പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ ആക്രമിക്കപ്പെടുകയും ഫിലിം റോളുകള്‍ കത്തിക്കുകയും ചെയ്തിരുന്നു.

ചിത്രത്തിലെ സംഗീതത്തെ കുറിച്ചും ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായ വിവാദങ്ങളെ തുടര്‍ന്ന് രജനികാന്ത് അഭിനയത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. സിനിമയ്ക്ക് വേണ്ടി നിക്ഷേപിച്ച തുകയുടെ 25 ശതമാനം രജനികാന്ത് മടക്കി നല്‍കിയതുമെല്ലാം അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ചിത്രത്തിന്റെ ദൈര്‍ഘ്യത്തിന്റെ പേരിലും വിമര്‍ശനങ്ങള്‍ എത്തിയിരുന്നു. അതിനാല്‍ റീ മാസ്റ്റര്‍ ചെയ്ത് എത്തുന്ന പതിപ്പില്‍ ഇത് എഡിറ്റ് ചെയ്തിട്ടുണ്ട്. ഓരോ ഫ്രെയിമും പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കളര്‍ ഗ്രേഡിങ് നടത്തിയതായും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ പുതിയ പതിപ്പിന്റെ റിലീസ് എന്നായിരിക്കുമെന്ന് വ്യക്തമായിട്ടില്ല.

Read more

മനീഷാ കൊയ്‌രാള, അമരീഷ് പുരി, ആശിഷ് വിദ്യാര്‍ത്ഥി, എം.എന്‍ നമ്പ്യാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിനായി അണിനിരന്നത്. ഇവര്‍ക്ക് പുറമേ രാഘവാ ലോറന്‍സ്, രമ്യാകൃഷ്ണന്‍, നാസര്‍, പ്രഭുദേവ, രാധാരവി, ശരത് ബാബു എന്നിവര്‍ അതിഥി വേഷങ്ങളിലും എത്തിയിരുന്നു.