രാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഗെയിം ചേഞ്ചര്‍’ ട്രെയ്‌ലറിന് ട്രോളുകള്‍. തിയറ്ററില്‍ തകര്‍ന്നു പോയ ‘ഇന്ത്യന്‍ 2’ന്റെ സമാനശൈലിയില്‍ തന്നെയാണ് ഗെയിം ചേഞ്ചറിന്റെ മേക്കിങ് എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ബ്രഹ്‌മാണ്ഡ കാഴ്ചകള്‍ ഒരുക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അതിലൊന്നും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള പുതുമയില്ല.
ട്രെയ്‌ലറിലെ സംഘട്ടനരംഗത്തിനും എസ്‌ജെ സൂര്യയുടെ ലുക്കിനും ഇതിനോടകം ട്രോളുകള്‍ എത്തിയിട്ടുണ്ട്. പശ്ചാത്തല സംഗീതത്തിനും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ശങ്കറിന്റെ ബ്രഹ്‌മാണ്ഡ ദൃശ്യങ്ങള്‍ക്ക് യോജിക്കുന്ന സംഗീതമല്ല എന്നതാണ് പ്രധാന വിമര്‍ശനം. ദൃശ്യങ്ങള്‍ക്ക് പഞ്ച് ഇല്ലാതെ പോയതിന് ഇത് കാരണമായെന്നും ചിലര്‍ വാദിക്കുന്നു.
തമന്‍ ആണ് ചിത്രത്തിന്റെ സംഗീതം നല്‍കിയിരിക്കുന്നത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് ഗെയിം ചെയ്ഞ്ചര്‍. രാം ചരണ്‍ വിവിധ ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ജയറാമും അഭിനയിക്കുന്നുണ്ട്. കിയാര അദ്വാനിയാണ് നായിക. അഞ്ജലി, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറില്‍ അഭിനയിക്കുന്നുണ്ട്.
ജനുവരി 10ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. വെങ്കിടേശ്വര ക്രിയേഷന്‍സിന്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ദില്‍ രാജുവും സിരിഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ ആണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റേതാണ് ചിത്രത്തിന്റെ കഥ.