റീ എഡിറ്റഡ് എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍; ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന സീന്‍ കട്ട് ചെയ്യും, വില്ലന്റെ പേരും മാറും

‘എമ്പുരാന്‍’ സിനിമയുടെ റീ എഡിറ്റ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. ഇന്ന് വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രം എത്തുക. ബജ്രംഗി എന്ന വില്ലന്റെ പേരിലും മാറ്റം വരും. എഡിറ്റിന് ശേഷം വ്യാഴാഴ്ച ചിത്രത്തിന്റെ പുതിയ പതിപ്പ് എത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ എഡിറ്റിങ് സംബന്ധമായി സെന്‍സര്‍ ബോര്‍ഡ് സമയനിഷ്‌കര്‍ഷത വച്ചതോടെ പെട്ടെന്ന് തന്നെ സിനിമയുടെ റീ എഡിറ്റിങ് നടത്തുകയായിരുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും അവധി ദിവസങ്ങളായിട്ടും സിനിമയുടെ എഡിറ്റിങ് സംബന്ധിച്ച് ഞായറാഴ്ച രാത്രി വരെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രത്യേക യോഗം ചേരുകയും മാറ്റം വരുത്തേണ്ട രംഗങ്ങളെ കുറിച്ച് വീണ്ടും സിനിമ കണ്ട് തീരുമാനിക്കുകയും ചെയ്തു.

സിനിമയുടെ ആദ്യ ഭാഗം ഇരുപത് മിനിറ്റോളം ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലുണ്ടാകുകയും പിന്നീട് ചര്‍ച്ച ചെയ്ത് മൂന്ന് മിനിറ്റോളം വെട്ടിമാറ്റിയാല്‍ മതിയെന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു. അതേസമയം, വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നടന്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു.

സിനിമയുടെ സംവിധായകന്‍ കൂടിയായ പൃഥ്വിരാജ് മോഹന്‍ലാലിന്റെ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമയുടെ എഴുത്തുകാരനായ മുരളി ഗോപി വിഷയത്തില്‍ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. വിവാദങ്ങളും വിമര്‍ശമനങ്ങളും നടക്കുന്നുണ്ടെങ്കിലും സിനിമ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്.