മരണാനന്തരം വാഴ്ത്തപ്പെട്ട താരം! എന്തിനായിരുന്നു ആത്മഹത്യ? സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്ന് 28 വര്‍ഷം

സില്‍ക്ക് സ്മിതയുടെ പോസ്റ്ററുകള്‍ മാത്രം കണ്ടാല്‍ മതിയായിരുന്നു ഒരു കാലത്ത് തിയേറ്ററുകള്‍ നിറയാന്‍. സൂപ്പര്‍ സ്റ്റാറുകളുടെ സിനിമ വിജയിക്കണമെങ്കില്‍ പോലും സില്‍ക്കിന്റെ സാന്നിധ്യം വേണം. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സില്‍ക്ക് കടിച്ച ഒരു ആപ്പിള്‍ ലേലം ചെയ്തപ്പോള്‍ ലഭിച്ചത് ഒരു ലക്ഷം രൂപയായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ സിനിമയില്‍ അധികം ആഘോഷിക്കപ്പെടാതെ പോയ, ആരാധകരുടെ പ്രിയതാരം മരണനാന്തരം വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് ഉയര്‍ത്തപ്പെട്ടു.

മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും അവര്‍ക്കായി സൂപ്പര്‍ താരങ്ങള്‍ വരെ കാത്തിരുന്നു. നായികയായും ഗ്ലാമറസ് താരമായും നിറഞ്ഞു നിന്ന സില്‍ക്കിന്റെ പെട്ടന്നുള്ള മരണ വാര്‍ത്ത ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. സില്‍ക്ക് വിട പറഞ്ഞിട്ട് ഇന്നേക്ക് 28 വര്‍ഷങ്ങള്‍.

ആന്ധ്രാപ്രദേശിലെ എല്ലൂര്‍ എന്ന ഗ്രാമത്തില്‍ 1960 ഡിസംബര്‍ 2ന് ആണ് വിജയലക്ഷ്മി ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ അച്ഛന്‍ ഉപേക്ഷിച്ച് പോയിരുന്നതിനാല്‍ അമ്മ സരസമ്മയോടും അനുജനോടുമൊപ്പമാണ് വിജയലക്ഷ്മി തന്റെ ബാല്യകാലം ചിലവഴിച്ചത്. നാലാം ക്ലാസ്സില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. പതിനാറാം വയസ്സില്‍ വിജയലക്ഷ്മി മദിരാശിയിലേക്ക് എത്തപ്പെട്ടു.

Silk Smitha: ఆమె మరణం ఇప్పటికీ వీడని మిస్టరీ.. ఒంటరితనంతో పోరాడిన సిల్క్  స్మిత.. - Telugu News | Late Actress Silk Smitha birth Anniversary know  about her life struggles and love failure telugu ...

വിജയലക്ഷമിയെന്ന ഒരു നടിയായി മാത്രം ഒതുങ്ങേണ്ടിയിരുന്ന പെണ്‍കുട്ടിയെ സ്മിതയാക്കിയതിന് പിന്നില്‍ ഒരു മലയാളിയാണ്. ഇണയെ തേടിയെന്ന ചിത്രത്തിന് വേണ്ടി ഒരു സെക്സി ലുക്കുള്ള നടിയെ തിരഞ്ഞ് നടന്ന ആന്റണി ഈസ്റ്റ്മാന്‍ എത്തിച്ചേര്‍ന്നത് വിജയലക്ഷമിയില്‍ ആയിരുന്നു. തന്റെ 19-ാം വയസില്‍ ‘ഇണയെ തേടി’ എന്ന മലയാള ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം. ‘വണ്ടി ചക്ര’മെന്ന തമിഴ് സിനിമയില്‍ സില്‍ക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സില്‍ക്ക് സ്മിതയെന്ന പേര് അവരുടെ ജീവിതത്തിലേക്ക് എത്തുന്നത്. ‘സില്‍ക്ക് സില്‍ക്ക് സില്‍ക്ക്’ എന്ന സിനിമയില്‍ കൂടിയായപ്പോള്‍ ആ പേരില്‍ തന്നെ സിനിമയും നടിയെയും പ്രേക്ഷകര്‍ സ്വീകരിച്ചു.

പത്ത് വര്‍ഷത്തിനുള്ളില്‍ 500 ല്‍ അധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ സില്‍ക്ക് സ്മിത എത്തി. തന്റെ ഡാന്‍സില്ലാതെ ഒരു സിനിമയില്ല എന്ന ട്രെന്‍ഡ് സില്‍ക്ക് നേടി. എന്നാല്‍ ഒടുവില്‍ സ്വയം മരണം തിരഞ്ഞെടുത്തപ്പോള്‍ സില്‍ക്കിന്റെ മൃതദേഹത്തിന് ചുറ്റും തടിച്ചുകൂടാന്‍ ആരാധകരാരും ഉണ്ടായില്ല. സില്‍ക്ക് സ്മിതയുടെ ഡേറ്റിനായി ക്യൂ നിന്നവരും ചിത്രങ്ങള്‍ കാണാന്‍ ആദ്യദിനം തിയറ്ററില്‍ ഇരച്ചെത്തിയവരും അവരെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയില്ല. ഒരു അനാഥശവം പോലെ അവര്‍ മദിരാശി നഗരത്തില്‍ എവിടെയോ അലിഞ്ഞുചേര്‍ന്നു.

Silk Smitha: A Look into the Legacy of South's Celebrated Sex Symbol -  PinkLungi

1996 സെപ്റ്റംബര്‍ 23ന് ആണ് കോടമ്പാക്കത്തെ വസതിയില്‍ സ്മിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. എന്തിനായിരുന്നു എന്ന വലിയ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം ഉണ്ടായിരുന്നില്ല. ഒരു വ്യക്തി എന്ന നിലയിലും കലാകാരി എന്ന നിലയിലും സില്‍ക്ക് സ്മിത പരിഗണിക്കപ്പെട്ടു തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. ഹിന്ദിയിലും കന്നടയിലും മലയാളത്തിലും സ്മിതയുടെ ജീവിതം പ്രചോദനമായ സിനിമകള്‍ വന്നു. മരണശേഷം ആഘോഷിക്കപ്പെട്ട കലാകാരി സില്‍ക്ക് സ്മിതയെപ്പോലെ ഈ വിശേഷണത്തിന് അനുയോജ്യയായ മറ്റൊരാള്‍ തെന്നിന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമായിരിക്കും.