'അങ്ങനെ അങ്ങ് ഒലിച്ചു പോകുന്ന പാര്‍ട്ടിയല്ല സിപിഎം'; തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നെന്ന് മുഖ്യമന്ത്രി

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമമുണ്ടായെന്ന ആരോപണത്തിന് പിന്നാലെ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്നും പിണറായി പറഞ്ഞു. അഴീക്കോടന്‍ രാഘവന്റെ 53-ാം രക്തസാക്ഷിദിനത്തോനടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൂരം എങ്ങനെ അലങ്കോലപ്പെടുത്താനുള്ള ശ്രമം നടന്നു. അത് എല്ലാര്‍ക്കും ബോധമുളള കാര്യമാണ്. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാന്‍ സര്‍ക്കാര്‍ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോട്ടില്‍ എന്താണെന്ന് അറിയില്ല. നാളെ റിപ്പോര്‍ട്ട് കയ്യില്‍ കിട്ടുമെന്നും ഓഫീസില്‍ ചെന്ന ശേഷം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തിരാവസ്ഥയ്ക്കു ശേഷം ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളില്‍ സിപിഐഎം വലിയ തിരിച്ചു വരവ് നടത്തി. അങ്ങനെ അങ്ങ് ഒലിച്ചു പോകുന്ന പാര്‍ട്ടിയല്ല സിപിഎം എന്ന് വലത് മാധ്യമങ്ങളെ ഓര്‍മ്മിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു സര്‍ക്കാര്‍ എന്നു പറയുന്നത് നാടിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അവിടെ നിക്ഷിപ്ത താത്പര്യക്കാരുണ്ടാവാം. അവര്‍ക്കുവേണ്ടി വഴങ്ങി കൊടുക്കേണ്ടവരാണോ സര്‍ക്കാര്‍ എന്നുചോദിച്ച മുഖ്യമന്ത്രി അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താമെന്നും ഇല്ലെങ്കില്‍ സര്‍ക്കാര്‍ അതിന്റെ വഴിക്ക് നീങ്ങുമെന്നും പിണറായി അറിയിച്ചു. തൃശൂര്‍ പൂരം സംബന്ധിച്ച് 300 പേജുള്ള റിപ്പോര്‍ട്ടാണ് എഡിജിപി സമര്‍പ്പിച്ചത്.