‘ഉള്ളൊഴുക്ക്’ സിനിമ കാണാനായി കാത്തിരിക്കുകയാണ് താന്‍ എന്ന് നടി സാമന്ത. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ഉര്‍വശിയും പാര്‍വതിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടിയിരുന്നു. ട്രെയ്‌ലര്‍ പങ്കുവച്ചു കൊണ്ടാണ് സാമന്തയുടെ സ്റ്റോറി.
പാര്‍വതിയെ മെന്‍ഷന്‍ ചെയ്തു കൊണ്ടാണ് സാമന്ത സിനിമയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഉര്‍വശിയും പാര്‍വതിയും പ്രധാന വേഷത്തിലെത്തുന്ന ഉള്ളൊഴുക്ക് ക്രിസ്‌റ്റോ ടോമി ആണ് സംവിധാനം ചെയ്യുന്നത്. ‘കറി & സയനൈഡ്’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിക്ക് ശേഷം ക്രിസ്‌റ്റോ ഒരുക്കുന്ന ചിത്രമാണിത്.
ജൂണ്‍ 21ന് ആണ് ചിത്രം തിയേറ്ററിലെത്തുന്നത്. 2018ല്‍ ആമിര്‍ ഖാന്‍, രാജ് കുമാര്‍ ഹിരാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടന്ന സിനിസ്ഥാന്‍ ഇന്ത്യ തിരക്കഥ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് സിനിമയാകുന്നത്.
കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാന്‍ നിര്‍ബന്ധിതരായ ഒരു കുടുംബത്തിന്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ പറയുന്നത്.
എന്നാല്‍ വെള്ളം കുറയാന്‍ വേണ്ടി അവര്‍ കാത്തിരിക്കുമ്പോള്‍ കുടുംബത്തിന്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകള്‍ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.