മമ്മൂട്ടിക്കൊപ്പമുള്ള പരസ്യത്തിന് പിന്നാലെ സൂപ്പര്‍ താരത്തിന്റെ നായികയാകാന്‍ ഒരുങ്ങി സാമന്ത. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം സാമന്ത എത്തുന്നത്. സിനിമയുടെ ചിത്രീകരണം ജൂണ്‍ 15ന് ചെന്നൈയില്‍ തുടങ്ങുമെന്നാണ് വിവരം. ജൂണ്‍ 20ന് മമ്മൂട്ടിയും ഷൂട്ടിംഗ് സെറ്റില്‍ ജോയിന്‍ ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.
മമ്മൂട്ടിയുടെ നായികയായി നയന്‍താര എത്തുമെന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം നിര്‍മ്മിക്കുന്നത് മമ്മൂട്ടിക്കമ്പനിയാണ്. അതേസമയം നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ബസൂക്ക’ എന്ന ചിത്രമാണ് മമ്മൂട്ടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.
ഗൗതം മേനോനും മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ടര്‍ബോയാണ് മമ്മൂട്ടിയുടെതായി റിലീസ് ചെയ്ത ചിത്രം. ‘ഖുശി’ ആണ് സാമന്തയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. ഈ ചിത്രത്തിന് ശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ സാമന്ത ഇടവേള എടുത്തിരുന്നു.
ഖുഷിക്ക് ശേഷം വരുണ്‍ ധവാനൊപ്പം ‘സിറ്റാഡല്‍’ എന്ന ഹോളിവുഡ് സീരിസിന്റെ ഇന്ത്യന്‍ വേര്‍ഷനിലാണ് സാമന്ത അഭിനയിച്ചത്. ആത്മീയ യാത്രയിലാണ് സാമന്ത ഇപ്പോള്‍. കോയമ്പത്തൂരിലെ സദ്ഗുരു ഇഷ ഫൗണ്ടേഷനില്‍ ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന സാമ്‌നതയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.