അമ്പരം പൂത്തപോലെ അല്ലേ പെണ്ണേ...; 'സത്യം പറഞ്ഞാ വിശ്വസിക്കുവോ'യിലെ തനിനാടന്‍ വീഡിയോ ഗാനം

ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോയിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. “അമ്പരം പൂത്തപോലെ അല്ലേ പെണ്ണേ…” എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സുജേഷ് ഹരിയുടെ വരികള്‍ക്ക് വിശ്വജിത്ത് ആണ് ഈണം പകര്‍ന്നിരിക്കുന്നത്. കെ.എസ് ഹരിശങ്കറാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ “ഇല്ലിക്കൂടിനുള്ളില്‍” എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തിരുന്നു. ഇതിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു വരുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി. പ്രജിത്ത് ഒരുക്കുന്ന ചിത്രം പ്രണയവും കുടുംബവും കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സംവൃത സുനിലാണ് നായിക. ഒരിടവേളയ്ക്കു ശേഷം സംവൃത മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്.

Read more

അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങി ഒരു വലിയതാരനിര ചിത്രത്തിലുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയുമൊരുക്കിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാല്‍. ജൂലൈ 12 ന് ചിത്രം തിയേറ്ററുകളിലെത്തും.