'കുമ്പളങ്ങി'യ്ക്കു ശേഷം മറ്റൊരു റിയലിസ്റ്റിക് ദൃശ്യാനുഭവം; 'സത്യം പറഞ്ഞാ വിശ്വസിക്കുവോ?' വിജയക്കുതിപ്പില്‍

റിയലിസ്റ്റിക് ദൃശ്യാനുഭവത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച് കൈയടി നേടിയ ചിത്രമായിരുന്നു മലയാളത്തിലെ യുവതാരനിര അണിനിരന്ന കുമ്പളങ്ങി നൈറ്റ്‌സ്. ആ ശ്രേണിയിലേക്ക് പുതിയ ഒരു ചിത്രം കൂടി ഇടം പിടിച്ചിരിക്കുകയാണ്. ജി. പ്രജിത്ത് സംവിധാനം ചെയ്ത “സത്യം പറഞ്ഞാ വിശ്വസിക്കുവോ?” ആണ് കുമ്പളങ്ങിയ്ക്ക് ശേഷം മലയാളികള്‍ക്ക് മറ്റൊരു റിയലിസ്റ്റിക് ദൃശ്യാനുഭവം സമ്മാനിച്ചിരിക്കുന്നത്.

ഒരു സിനിമയെന്ന തോന്നല്‍ നല്‍കാതെ സാധാരണക്കാരുടെ ജീവിതം സ്‌ക്രീനിലേക്ക് പകര്‍ത്തിയിരിക്കുകയാണ് പ്രജിത്ത്. അതില്‍ ഹാസ്യമുണ്ട്, പ്രണയമുണ്ട്, ജീവിത പ്രതിസന്ധികളുണ്ട്. സുനിയെന്ന വാര്‍ക്കപ്പണിക്കാരന്റെ ജീവിതം പറയുന്ന ചിത്രം അയാളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും അണിനിരത്തി പ്രേക്ഷകനെ ചിരിപ്പിച്ച് ചിന്തിപ്പിക്കുന്നു. സുനിയായി ബിജു മേനോന്‍ വിസ്മയിക്കുമ്പോള്‍ ഭാര്യ ഗീതയുടെ വേഷത്തില്‍ സംവൃതയും പ്രേക്ഷകരുടെ കൈയടി നേടുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത സംവൃതയുടെ തിരിച്ചുവരവ് ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

Read more

ബിജു മേനോനും സംവൃതയ്ക്കും പുറമേ അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാല്‍. രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും ഷാന്‍ റഹമാന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.