മറ്റ് താരങ്ങളേക്കാള്‍ ചെറിയ തുകയാണ് എനിക്ക് കിട്ടുന്നത്, ഇവിടെ പലരെയും വേതനത്തിന്റെ പേരില്‍ തമ്മില്‍ തെറ്റിക്കുന്നുണ്ട്: ഷൈന്‍ ടോം ചാക്കോ

മറ്റ് താരങ്ങളേക്കാള്‍ വളരെ ചുരുങ്ങിയ തുക മാത്രമാണ് തനിക്ക് ഇപ്പോഴും ലഭിക്കുന്നതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. താന്‍ ചോദിക്കുന്നതിനേക്കാള്‍ വളരെ ചെറിയ തുകയാണ് തനിക്ക് ലഭിക്കാറുള്ളത്. എന്നാല്‍ വേതനത്തെ കുറിച്ചല്ല ആദ്യം ചിന്തിക്കേണ്ടത്, സ്ഥിരമായ ജോലിയെ കുറിച്ചാണ് എന്നാണ് ഷൈന്‍ പറയുന്നത്.

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ‘ഭാരത സര്‍ക്കസ്’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് ഷൈനിന്റെ പ്രതികരണം. താന്‍ സിനിമയില്‍ വന്നിട്ട് പത്തിരുപത് കൊല്ലമായി. ആദ്യം കിട്ടിയ ശമ്പളം 1200 രൂപയാണ്.

ഇപ്പോള്‍ കിട്ടുന്നതും അതും തമ്മില്‍ വളരെ വലിയ വ്യത്യാസം ഉണ്ട്. എങ്കിലും മറ്റ് താരങ്ങളെക്കാള്‍ വളരെ ചുരുങ്ങിയ തുകയാണ് വാങ്ങുന്നത്. താന്‍ ചോദിക്കുന്നതിനേക്കാള്‍ ചെറിയ തുകയാണ് കിട്ടാറുമുള്ളത്. എന്നാല്‍ കാശിന് വേണ്ടി ഒരു വര്‍ക്ക് കളയാന്‍ താന്‍ അനുവദിക്കാറില്ല.

കാരണം വര്‍ക്കാണ് നമുക്ക് വേണ്ടത്. പുതുതായി വരുന്നവര്‍ക്ക് ജോലി സ്ഥിരപ്പെടലാണ് ആദ്യം വേണ്ടത്. അതിന് ശേഷമാണ് വേതനത്തെ കുറിച്ച് ചിന്തിക്കേണ്ടത്. ഇവിടെ ഒന്ന് രണ്ട് പടം കഴിഞ്ഞ് വരുന്നവരെ വേതനത്തിന്റെ പേരില്‍ തമ്മില്‍ തെറ്റിച്ച് അവരുടെ കോണ്‍സന്‍ട്രേഷന്‍ തിരിച്ചുവിടുകയാണ് എന്ന് തനിക്ക് അറിയാം.

മെറിറ്റിന്റെ പേരിലോ റാങ്കിന്റെ പേരിലോ അല്ല സിനിമയില്‍ എടുക്കുന്നത്. കഥാപാത്രം മതി, അഭിനയിച്ചാല്‍ മതി എന്ന് പറയുന്നവരാണ് വേണ്ടത് എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. അതേസമയം, ഡിസംബര്‍ 9ന് ആണ് ഭാരത സര്‍ക്കസ് റിലീസിന് ഒരുങ്ങുന്നത്. ഷൈനിനൊപ്പം ബിനു പപ്പ, എം.എ നിഷാദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.