ചരിത്രത്തിൽ ആദ്യമായി 1000 കോടി കളക്ഷൻ എന്ന നേട്ടത്തിലേക്ക് മലയാള സിനിമ. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 985 കോടി രൂപയോളമാണ് ഗ്രോസ് കളക്ഷൻ നേടിയത്. ഈ മാസം ടർബോ, ഗുരുവായൂരമ്പലനടയിൽ എന്നീ ചിത്രങ്ങൾ കൂടി ഇറങ്ങുന്നതോടെ 1000 കോടി പിന്നിടുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 2018, രോമാഞ്ചം, കണ്ണൂർസ്ക്വാഡ്, ആർ.ഡി.എക്സ്, നേര് തുടങ്ങിയ സിനിമകളായിരുന്നു സൂപ്പർ ഹിറ്റായത്. 2023ൽ 500 കോടിയോളമായിരുന്നു മലയാളസിനിമയുടെ ഗ്രോസ് കളക്ഷൻ. എന്നാൽ ഈ വർഷം വെറും ആറുമാസം കൊണ്ട് എട്ട് സിനിമകളിലൂടെയാണ് 1000 കോടി എന്ന ചരിത്ര നേട്ടത്തിലേക്ക് എത്തുന്നത്.
അതേസമയം, 100 കോടി കടന്ന സിനിമകളുടെ വരുമാനത്തിൽ നല്ലൊരുപങ്കും കേരളത്തിന് പുറത്തു നിന്നാണ് വന്നത്. ഡബ്ബ് ചെയ്യാതെ പ്രദർശനത്തിനെത്തിയ ‘മഞ്ഞുമ്മൽബോയ്സ്’ തമിഴ്നാട്ടിൽനിന്ന് വാരിയെടുത്തത് 100 കോടിയോളം രൂപയാണ്.
ഇത് മാത്രമല്ല, അമേരിക്കയിലാദ്യമായി ഒരുദശലക്ഷം ഡോളർ നേടിയ സിനിമ കൂടിയായി ഇത് മാറി. കർണാടകയിലും 10 കോടിയ്ക്കടുത്ത് ചിത്രം സ്വന്തമാക്കിയിരുന്നു. പ്രേമലുവും ഭ്രമയുഗവും ആടുജീവിതവും മറ്റ് ഭാഷകളിൽ ഹിറ്റായിരുന്നു.