പോടാ മൈ%$*&, മോഹന്‍ലാലിന്റെ ഡയലോഗിന് പുതിയ കാലത്തെ മറുപടി; 'നരസിംഹ'ത്തിലെ സ്ത്രീവിരുദ്ധതയ്ക്ക് ട്രോള്‍

മോഹന്‍ലാല്‍ ചിത്രത്തിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയ. മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് നരസിംഹം. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിലെ ഡയലോഗിന് എതിരെയാണ് സോഷ്യല്‍ മീഡിയയുടെ മറുപടി.

”വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് പാതിരായ്ക്ക് വീട്ടില്‍ വന്ന് കേറുമ്പോ ചെരുപ്പൂരി കാല് മടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടയില്‍ സ്നേഹിക്കാനും, എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും, ഒരിക്കല്‍ ഒരുനാള്‍ വടിയായി തെക്കേപ്പറമ്പിലെ പുളിയന്‍മാവിലെ വിറകിന്നടിയില്‍ എരിഞ്ഞ് തീരുമ്പോ നെഞ്ച് തല്ലിക്കരയാനും എനിക്കൊരു പെണ്ണിനെ വേണം” എന്നത് ഒരു തലമുറ ആഘോഷമാക്കിയ ഡയലോഗ് ആയിരുന്നു.

കാലുമടക്കി തൊഴിക്കാനും കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും എനിക്കൊരു പെണ്ണിനെ വേണം, സമ്മതമാണോ എന്ന് ചോദിക്കുന്ന നായകനോട് സമ്മതമാണെന്ന് തലകുലുക്കി പറയുന്ന നായികയ്ക്ക് പകരം ‘പോടാ മൈ*&#’ എന്ന് മറുപടി പറയാന്‍ ചങ്കൂറ്റമുള്ള നായികയാണ് പുതിയ വീഡിയോയിലുള്ളത്.

‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജിയില്‍ സംവിധായകന്‍ അഖില്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത ഗീതു അണ്‍ചെയ്ന്‍ഡ് എന്ന ചിത്രത്തില്‍ രജിഷ വിജയന്‍ പറയുന്ന ഡയലോഗാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് മോഹന്‍ലാലിനും ഷാജി കൈലാസിനും രഞ്ജിത്തിനുമുള്ള മറുപടിയാണോയെന്നാണ് ചിലര്‍ കമന്റുകളിലൂടെ ചോദിക്കുന്നത്.

നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നത്. റീമേക്ക് എടുക്കാന്‍ പ്ലാനുള്ളവര്‍ സൂക്ഷിക്കണമെന്നും കാലം മാറി കഥയും മാറിയെന്നും പറഞ്ഞാണ് വീഡിയോ പലരും പങ്കുവയ്ക്കുന്നത്. രണ്ട് ദശാബ്ദത്തിന്റെ മാറ്റമാണ് ഇതെന്നും വീഡിയോ മികച്ചതാണെന്നുമാണ് മറ്റ് ചില കമന്റുകള്‍.