മലയാളത്തിലും ലേറ്റ് റിലീസ്? ശ്രീനാഥ് ഭാസി ചിത്രം വരുന്നു; 'വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍' തിയേറ്ററുകളിലേക്ക്

12 വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തി ഹിറ്റ് അടിച്ച ചിത്രമാണ് വിശാലിന്റെ ‘മദ ഗജ രാജ’. 2013ല്‍ റിലീസ് ചെയ്യേണ്ട ചിത്രമാണ് 2025ല്‍ റിലീസ് ചെയ്ത ഹിറ്റ് അടിച്ചത്. കോളിവുഡ് മദ ഗജ രാജ സ്വീകരിച്ചതിന് പിന്നാലെ മോളിവുഡിലും ഒരു പഴയ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ‘വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍’ എന്ന ചിത്രമാണ് മലയാളത്തില്‍ ലേറ്റ് റിലീസ് ആയി എത്താനൊരുങ്ങുന്നത്.

ശ്രീനാഥ് ഭാസി ആദ്യമായി നായകനായി എത്താനിരുന്ന ചിത്രമാണ് വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍. ഈ വര്‍ഷം മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രതാപ് പോത്തനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഈ ചിത്രത്തിന്റെ റിലീസ് ചില സാങ്കേതിക കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. സുധീഷ്, കോട്ടയം നസീര്‍, ടിനി ടോം, ശ്രീകുമാര്‍, എ കെ വിജുബാല്‍, ശ്രീലക്ഷ്മി ശ്രീകുമാര്‍, വനിത കൃഷ്ണചന്ദ്രന്‍, ബേബി നന്ദന എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കലവൂര്‍ രവികുമാറിന്റേതാണ് രചന. ആല്‍ബി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഔസേപ്പച്ചന്‍ ആണ് സംഗീതം.

ജോസഫ് കുര്യന്‍ എന്ന കഥാപാത്രമായാണ് പ്രതാപ് പോത്തന്‍ ചിത്രത്തില്‍ വേഷമിടുന്നത്. ഒരിക്കല്‍ ഒരു കള്ളന്‍ ജോസഫിന്റെ വീട്ടിലെത്തുന്നതോടെയാണ് പല കാര്യങ്ങളും സംഭവിക്കുന്നത്. ഒരു പ്രത്യേക ലക്ഷ്യവുമായിട്ടാണ് കള്ളന്‍ ജോസഫിന്റെ വീട്ടിലെത്തുന്നത്. കള്ളനും ജോസഫിനും ഇടയില്‍ നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

Read more